‘കാന്ത’ ആരംഭിച്ചു; സെൻസേഷണൽ താരം ഭാഗ്യശ്രീ ബോർസെ ദുൽഖറിന്റെ നായികയാകുന്നു…
റിലീസിന് തയ്യാറാകുന്ന ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘കാന്ത’യുടെ ചിത്രീകരണം ആരംഭിച്ചു. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെൽവമണി സെൽവരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി തേജയുടെ മിസ്റ്റർ ബച്ചൻ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ച ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തിലെ നായിക.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, നടൻ റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയിൽ വെച്ച് നടന്നു. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാനും ഭാഗ്യശ്രീ ബോർസെയ്ക്കും ഒപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനിഎന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി, ജോം വർഗീസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ഡാനി സാഞ്ചസ് ലോപ്പസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഝാനു ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.