in

‘വർഷങ്ങൾക്കു ശേഷം’ ശ്രീനിവാസനൊപ്പം അഭിനയിക്കാൻ പ്ലാൻ ചെയ്ത ചിത്രം; വെളിപ്പെടുത്തി മോഹൻലാൽ

‘വർഷങ്ങൾക്കു ശേഷം’ ശ്രീനിവാസനൊപ്പം അഭിനയിക്കാൻ പ്ലാൻ ചെയ്ത ചിത്രം; വെളിപ്പെടുത്തി മോഹൻലാൽ

മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ – ശ്രീനിവാസൻ ടീം. ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകനായെത്തിയ ഒരു താരവും മോഹൻലാൽ ആണ്. അതുപോലെ ഇവർ ഒരുമിച്ചെത്തിയ ചിത്രങ്ങളും മലയാളത്തിലെ ക്ലാസ്സിക്കുകളാണ്. ഇവരുടെ ദാസൻ, വിജയൻ എന്നീ സിഐഡി കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രീയപ്പെട്ട കഥാപാത്രങ്ങളാണ്.

എന്നാൽ ഇടക്കാലത്ത് ശ്രീനിവാസൻ നടത്തിയ ചില പരാമർശങ്ങൾ ഇവരുടെ സൗഹൃദത്തിനിടയിൽ വിള്ളലുകൾ ഉണ്ടാക്കി എന്ന വാർത്തകൾ വന്നിരുന്നു. ഒരുപാട് വർഷങ്ങളായി ഇവർ ഒരുമിച്ചു സിനിമകൾ ചെയ്തതുമില്ല. അതിനെകുറിച്ച്, അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാത്രമല്ല തങ്ങൾ അടുത്തിടെ ഒരുമിച്ചു ചെയ്യാൻ പ്ലാൻ ചെയ്തിട്ടു നടക്കാതെ പോയ ചിത്രത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ, ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലാണ് താനും ശ്രീനിവാസനും ഒരുമിച്ചഭിനയിക്കാൻ ഇരുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. പ്രണവ്, ധ്യാൻ എന്നിവരുടെ വയസ്സായ കാലഘട്ടം കാണിക്കുന്ന, ഈ ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് അവരുടെ കഥാപാത്രങ്ങൾ താനും ശ്രീനിയും ചെയ്യാനിരുന്നതെന്നും, പക്ഷെ ശ്രീനിവാസന്റെ അനാരോഗ്യം കാരണം ആ പ്ലാൻ വേണ്ടെന്നു വെക്കുകയായിരുന്നു എന്നും മോഹൻലാൽ പറഞ്ഞു.

തനിക്ക് അദ്ദേഹവുമായി യാതൊരു പ്രശ്നവും ഇല്ലെന്നും ഇപ്പോഴും തങ്ങൾ നല്ല സൗഹൃദത്തിലാണെന്നും മോഹൻലാൽ വെളിപ്പെടുത്തി. താൻ എപ്പോഴും അദ്ദേഹത്തിന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും, അദ്ദേഹത്തിന്റെ മക്കളൊക്കെ തന്റെ കുടുംബവുമായൊക്കെ നല്ല അടുപ്പത്തിലാണെന്നും മോഹൻലാൽ പറഞ്ഞു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇത് വെളിപ്പെടുത്തിയത്.

ആക്ഷൻ കൊടുങ്കാറ്റിന് തിരികൊളുത്തി പെപ്പെ വീണ്ടും; ‘കൊണ്ടൽ’ ട്രെയിലർ എത്തി…

‘കാന്ത’ ആരംഭിച്ചു; സെൻസേഷണൽ താരം ഭാഗ്യശ്രീ ബോർസെ ദുൽഖറിന്റെ നായികയാകുന്നു…