14 വർഷത്തിന് ശേഷം അക്ഷയ് കുമാർ ചിത്രവുമായി പ്രിയദർശൻ; ‘ഭൂത് ബംഗ്ലാ’ ഫസ്റ്റ് ലുക്ക് പുറത്ത്
ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ തന്റെ പുതിയ ഹൊറർ കോമഡി ചിത്രമായ ‘ഭൂത് ബംഗ്ലാ’ യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. തന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അക്ഷയ് പുറത്ത് വിട്ടത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ പ്രിയദർശനുമായി അക്ഷയ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുക്കുന്ന ‘ഭൂത് ബംഗ്ലാ’ നിർമ്മിക്കുന്നത് ഏക്താ കപൂർ, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ്.
തോളിൽ ഒരു കറുത്ത പൂച്ചയേയും ഇരുത്തി പാൽ നക്കി കുടിക്കുന്ന അക്ഷയ് കുമാറിന്റെ കൗതുകകരമായ പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി റിലീസ് ചെയ്തിരിക്കുന്നത്. തന്റെ കരിയറിലെ നിർണ്ണായക വിജയങ്ങൾ സമ്മാനിച്ച പ്രിയദർശനുമായി വീണ്ടും കൈകോർക്കുന്നതിലുള്ള ആവേശവും അക്ഷയ് കുമാർ പങ്കു വെച്ചു. ഈ വർഷം അവസാനത്തോടെ ആരംഭിക്കുകയും 2025 ന്റെ ആദ്യ പകുതി വരെ ചിത്രീകരണം തുടരുകയും ചെയ്യുന്ന ‘ഭൂത് ബംഗ്ലാ’, ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവയുൾപ്പെടെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കുമെന്നാണ് സൂചന.
കിയാരാ അദ്വാനി, കീർത്തി സുരേഷ്, കരീന കപൂർ തുടങ്ങിയ മുൻനിര നടിമാർ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു മുൻപ് ആറ് ചിത്രങ്ങളാണ് അക്ഷയ് കുമാർ- പ്രിയദർശൻ ടീം ചെയ്തിട്ടുള്ളത്. ഹേരാ ഫേരി, ഗരം മസാല, ഖട്ടാ മീട്ടാ, ഭാഗം ഭാഗ്, ഭൂൽ ഭുലയ്യ, ദേ ധനാ ധൻ എന്നിവയാണവ.