ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഇടി പടം, ദുൽഖറിന് ഒപ്പം ആന്റണി വർഗീസ്; നഹാസ് ചിത്രം ആരംഭിക്കുന്നു

ദുൽഖർ സൽമാനെ നായകനാക്കി ആർഡിഎക്സ് ഫെയിം നഹാസ് ഹിദായത്ത് ഒരുക്കുന്ന “ഐ ആം ഗെയിം” ആരംഭിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മൂന്നിന് തിരുവനന്തപുരത്ത് ആരംഭിക്കും. ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ആണ് ചിത്രമെന്നാണ് സൂചന. യുവതാരം ആന്റണി വർഗീസും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആന്റണി വർഗീസിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പുതിയ പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായി ഒരുക്കാൻ പോകുന്ന “ഐ ആം ഗെയിം” നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ ദുൽഖർ ഉണ്ടാവില്ലെന്നാണ് സൂചന. ജൂൺ- ജൂലൈ മാസത്തിലാണ് ദുൽഖർ ചിത്രത്തിൽ ജോയിൻ ചെയ്യൂ. ആദ്യ ഷെഡ്യൂളിൽ ആന്റണി വർഗീസിന്റെ ഭാഗങ്ങൾ ആയിരിക്കും ചിത്രീകരിക്കുക.
‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഇത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദർശ് സുകുമാരൻ, ഷഹബാസ് റഷീദ് എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്.
ജേക്സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കുന്നത്. ആന്റണി വർഗീസ് കൂടാതെ തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, നടി പ്രിയങ്ക മോഹൻ, തമിഴ് നടൻ കതിർ, വിനയ് ഫോർട്ട്, സംയുക്ത മേനോൻ എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടെന്നാണ് സൂചന.