കള്ളൻ കുടുങ്ങിയ മരണവീട്; ചരിപ്പിക്കാൻ ലാൽ ജോസിന്റെ ‘കോലാഹലം’, ട്രെയിലർ ശ്രദ്ധേനേടുന്നു…

ലാൽജോസ് അവതരിപ്പിക്കുന്ന ‘കോലാഹലം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടുന്നു. ഒരു കള്ളൻ രാത്രിയുടെ മറവിൽ ഒരു വീട്ടിൽ കയറുന്നതും, അവിടെ അപ്രതീക്ഷിതമായി കുടുങ്ങിപ്പോകുന്നതും, തുടർന്ന് ആ വീട്ടിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളുമാണ് ട്രെയിലറിൻ്റെ പ്രധാന ആകർഷണം. ‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ‘കോലാഹലം’ ഒരു മുഴുനീള കോമഡി ഫാമിലി ഡ്രാമയാണ്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ വിശാൽ വിശ്വനാഥനാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
വീട്ടിൽ മോഷണത്തിന് കയറിയ കള്ളന്റെ വിവരണത്തോടെ ആണ് ട്രെയിലർ ആരംഭിക്കുന്നത്. വീട്ടിലെ കാരണവരുടെ വെപ്രാളം കാണുന്ന കള്ളൻ അയാൾക്ക് വെള്ളം കൊടുക്കുകയും ശേഷം ആകസ്മികമായ മരണവും, തുടർന്നുണ്ടാകുന്ന ബഹളത്തിനിടയിൽ കള്ളൻ അവിടെ കുടുങ്ങിപ്പോകുന്നതുമെല്ലാം ട്രെയിലറിൽ അവതരിപ്പിക്കുന്നു. മരണ വീട്ടിലെ അപ്രതീക്ഷിതമായ കൂടിക്കാഴ്ചകളും, പരിചയമില്ലാത്ത നിരവധി ആളുകൾ തമ്മിലുണ്ടാകുന്ന സംഭാഷണങ്ങളുമെല്ലാം ചിരിക്ക് വക നൽകുന്ന രംഗങ്ങളാൽ സമ്പന്നമാണ് എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മെയ് 9ന് തീയേറ്ററുകളിൽ എത്തും.
മ്യൂസിക്: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി, പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശ്രീബാൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ സുനിൽ, ലിറിക്സ്: ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാൻ, വി.എഫ്.എക്സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ,കിഷോർ ബാബു, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.