ട്രിപ്പിൾ റോളിൽ ടോവിനോ, നായികയായി കൃതി ഷെട്ടി; ‘അജയന്റെ രണ്ടാം മോഷണ’ത്തിന് ആരംഭം…

ടോവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് തുടക്കമായി. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ തമിഴ് നാട്ടിലെ കാരക്കുടിയിൽ നടന്നു. തെലുങ്കിലെ പ്രശസ്ത നടിയായ കൃതി ഷെട്ടി ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുക ആണ്. ചിത്രത്തിന്റെ പൂജയ്ക്ക് ടോവിനോയ്ക്കും മറ്റ് അണിയറപ്രവർത്തകർക്കും ഒപ്പും കൃതിയും പങ്കുച്ചേർന്നു. മലയാളം കൂടാതെ മറ്റ് ഭാഷകളിലും എത്തുന്ന ഈ ചിത്രം ത്രിഡിയിലാണ് ഒരുക്കുന്നത്.
ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. കൃതി ഷെട്ടിയ്ക്ക് ഉൾപ്പെടെ മൂന്ന് നായികമാർ ആണ് ചിത്രത്തിൽ ഉള്ളത്. തമിഴ് നടി ഐശ്വര്യ ലക്ഷ്മി, മലയാളത്തിന്റെ സുരഭി ലക്ഷ്മി എന്നിവർ ആണ് മറ്റ് നായികമാർ. താരനിരയിൽ ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ തയ്യാറാകുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മിക്കുന്നത്.
1900, 1950, 1990 എന്നീ മൂന്ന് കാലഘട്ടങ്ങളിൽ ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. സുജിത് നമ്പ്യാർ ആണ് ചിത്രത്തിന് കഥയും തിരക്കഥയും രചിച്ചത്. ദീപു പ്രദീപ് അഡീഷണൽ സ്ക്രീൻപ്ലെയും ഒരുക്കിയിരിക്കുന്നു. ജോമോൺ ടി ജോൺ ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു.