റിലീസ് ഒരു മാസം പിന്നിടുമ്പോൾ ചിമ്പുവിന്റെ ‘വെന്ത് തണിന്തത് കാടി’ന് ഒടിടി റിലീസ്…

ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ചിത്രമായ ‘വെന്ത് തണിന്തത് കാട്’ സെപ്റ്റംബർ 15ന് ആയിരുന്നു തീയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം തീയേറ്ററുകളിൽ വിജയമാവുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ഒടിടി റിലീസിനായി നിരവധി ആരാധകർ ആണ് കാത്തിരിക്കുന്നത്. ആ കാത്തിരിപ്പുകൾ അവസാനിപ്പിച്ച് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുക ആണ്.
ദീപാവലിയോടനുബന്ധിച്ച് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന സൂചന മുൻപ് ലഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രൈം വീഡിയോ പുറത്തുവിട്ടിരിക്കുക ആണ്. ചിത്രം ദീപാവലിയ്ക്ക് കാത്തു നിൽക്കാതെ ഒക്ടോബർ 13ന് സ്‌ട്രീം ചെയ്തു തുടങ്ങും എന്നാണ് പ്രഖ്യാപനം. ഒക്ടോബർ 15ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസം തികയ്ക്കും മുൻപാണ് ചിത്രമിപ്പോൾ ഒടിടി റിലീസിന് തയ്യാറായിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പ്രൈം വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമമായ നടുവാക്കുറുച്ചിയിൽ നിന്ന് മുംബൈ മഹാ നഗരത്തിൽ എത്തിയ മുത്തുവിന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മാവന്റെ അകാലമരണത്തിന് ശേഷം ജോലി തേടി മുംബൈയിലെ എസക്കി പൊറോട്ട ഹോട്ടലിൽ എത്തിയ മുത്തുവിന്റെ ജീവിതം മാറിമാറിയുന്നു. ജീവിത സാഹചര്യം കാരണം നാട് അധോലോകത്ത് എത്തുന്ന നായകന്റെ കഥകൾ പലത് വന്നിട്ടുണ്ടെങ്കിലും ഈ ഗൗതം മേനോൻ ചിത്രം മേക്കിങ് സ്റ്റയിലും താരങ്ങളുടെ പ്രകടനം കൊണ്ടും സംഗീതം കൊണ്ട് പ്രേക്ഷകർക്ക് പുതു അനുഭവം സമ്മാനിച്ചു.
മണിരത്‌നത്തിന്റെ മാഗ്‌നം ഓപസ് പൊന്നിയിൻ സെൽവനും സെൽവരാഘവൻ – ധനുഷ് ടീമിന്റെ സൈക്കോളജിക്കൽ ത്രില്ലർ നാനേ വരുവേനും ഒക്കെ റിലീസ് ചെയ്തിട്ടും ഈ ചിമ്പു ചിത്രം ചില തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. ചിമ്പുവിന് മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റും ചിത്രം സമ്മാനിച്ചിരിക്കുന്നു. ഇഷാരി ഗണേഷിന്റെ വെൽസ് ഫിലിം ഇന്റർനാഷണലാണ് വെന്ത് തണിന്തത് കാട് നിർമ്മിച്ചത്. ചിത്രത്തിന്റെ വിജയത്തിൽ ആവേശഭരിതരായ നിർമ്മാതാക്കൾ നായകൻ ചിമ്പുവിന് ഒരു ആഡംബര കാറും സംവിധായകൻ ഗൗതം മേനോന് ഒരു സൂപ്പർ ബൈക്കും സമ്മാനിച്ചത് വാർത്തയായിരുന്നു.
അതേസമയം, രണ്ട് ഭാഗങ്ങൾ ഉള്ള ഡ്യുവോളജിയുടെ ആദ്യ ഭാഗം മാത്രമാണ് ഈ ചിത്രം. പാർട്ട് 1: ദി കിൻഡ്ലിംഗ് എന്നാണ് ഈ ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ഇതിന്റെ തുടർഭാഗത്തിന്റെ തിരക്കിൽ ആണ് അണിയറപ്രവർത്തകർ. സിദ്ധി ഇദ്‌നാനി നായികയായ ഈ ചിത്രത്തിൽ നീരജ് മാധവ്, രാധിക ശരത്കുമാർ, ഡൽഹി ഗണേഷ്, സിദ്ദിഖ്, അപ്പുക്കുട്ടി എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ബി ജയമോഹനാണ് ചിത്രത്തിന് കഥ ഒരുക്കിയത്. സംഗീതം എ ആർ റഹ്മാനും ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും ആയിരുന്നു നിർവഹിച്ചത്. ആന്റണി ആയിരുന്നു ചിത്രത്തിന്റെ എഡിറ്റർ.