in

അടുത്ത വര്‍ഷം ‘നരസിംഹം’ റിലീസ് ദിനം ആഘോഷമാക്കാന്‍ ‘ആദി’ എത്തും!

അടുത്ത വര്‍ഷം ‘നരസിംഹം’ റിലീസ് ദിനം ആഘോഷമാക്കാന്‍ ‘ആദി’ എത്തും!

സൂപ്പര്‍താരം മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായക വേഷം അവതരിപ്പിക്കുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വരുന്ന ആഴ്ചയോടെ ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയാക്കുന്ന ആദി അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ജനുവരി 26ന് ആയിരിക്കും റിലീസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ആദ്യ ചിത്രമായ നരസിംഹം ഇറങ്ങിയത് 2000 ജനുവരി 26 നു ആയിരുന്നു. മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി കുറിച്ച് ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ആ മോഹൻലാൽ- ഷാജി കൈലാസ് – രഞ്ജിത് ചിത്രമായിരുന്നു ആദ്യമായി കേരളത്തിൽ നിന്നു 15 കോടി കളക്ഷൻ നേടിയ ചിത്രവും. അതിനു ശേഷം ഏറ്റവും കൂടുതൽ തവണ റീ-റിലീസ് ലഭിച്ച മലയാള ചിത്രവും നരസിംഹം ആണ്. നരസിംഹത്തിന്‍റെ പതിനെട്ടാം വാർഷികമായ 2018 ജനുവരി 26 നു ആണ് മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറുന്ന ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത് എന്നത് വളരെ ആവേശം നൽകുന്ന വാർത്തയാണ്.

ഒഫീഷ്യൽ ആയി ഇതുവരെ സ്ഥിതീകരണം ലഭിച്ചിട്ടില്ല എങ്കിലും ജനുവരി 26 ലക്‌ഷ്യം ആക്കിയാണ് ആദിയുടെ തിയേറ്റർ ചാർട്ടിങ് നടക്കുന്നതു എന്നാണ് സൂചനകൾ ലഭിക്കുന്നത്. അന്ന് റിലീസ് ആയില്ലെങ്കിൽ ആദി മാർച്ചിൽ തീയേറ്ററുകളിൽ എത്തുമെന്നും, അങ്ങനെ വന്നാൽ മോഹൻലാൽ- ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ ഓണം റിലീസ് ആയി മാത്രമേ എത്തുകയുള്ളൂ എന്നുമുള്ള സൂചനകളും വരുന്നുണ്ട്. ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ആദിയിൽ പ്രണവിന്‍റെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

പുലിമുരുകൻ വില്ലൻ ജഗപതി ബാബു ഒരിക്കല്‍ കൂടി വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സിജു വിൽ‌സൺ, ഷറഫുദീൻ, അദിതി രവി, ലെന, അനുശ്രീ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഗാനങ്ങള്‍ക്ക് അനിൽ ജോൺസൻ സംഗീതം പകരുന്നു. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌ സതീഷ് കുറുപ്പ് ആണ്. വിദേശത്തു നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സ് ആണ് ഈ ചിത്രത്തിലെ പ്രണവിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ജയറാമിന്‍റെ ആകാശമിട്ടായിക്ക് പിന്തുണയഭ്യർഥിച്ചു മകൻ കാളിദാസ് ജയറാം

കമലിന്‍റെ ആമിയില്‍ പൃഥ്വിരാജിന് പകരം എത്തുക ടോവിനോ തോമസ്