കമലിന്‍റെ ആമിയില്‍ പൃഥ്വിരാജിന് പകരം എത്തുക ടോവിനോ തോമസ്
ഇതിഹാസതുല്യയായ എഴുത്തുകാരി മാധവി കുട്ടിയുടെ ജീവിത കഥ മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ ആമി എന്ന പേരിൽ സിനിമയാക്കുകയാണ്. മഞ്ജു വാര്യർ ആണ് മാധവി കുട്ടിയുടെ കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ നിർണ്ണായകമായ ഒരു അതിഥി വേഷം അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ പ്രകാരം പൃഥ്വിരാജ് ഈ ചിത്രത്തിൽ നിന്ന് പിന്മാറി കഴിഞ്ഞു. പൃഥ്വിരാജിന് പകരം ടോവിനോ തോമസ് ആയിരിക്കും ഇനി ആ അതിഥി വേഷം അവതരിപ്പിക്കുക.
തന്‍റെ തിരക്കുകൾ കാരണമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്നാണ് സൂചന. ടോവിനോ തോമസ് ആദ്യമായാണ് മലയാളത്തിലെ ഒരു സീനിയർ സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതെന്നും ശ്രദ്ധേയമാണ്.
അനൂപ് മേനോനും മുരളി ഗോപിയും ആമിയിൽ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ ബോളിവുഡ് നടി വിദ്യ ബാലനെ ആണ് മാധവികുട്ടി ആയി അഭിനയിക്കാൻ കാസ്റ്റ് ചെയ്തിരുന്നത് എങ്കിലും കമലുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിദ്യ ബാലൻ അവസാന നിമിഷം ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു.
ആമിയുടെ ഫൈനൽ ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കും. ഈ ഷെഡ്യൂളിൽ ആണ് ടോവിനോ തോമസ് ചിത്രത്തിൽ ജോയിൻ ചെയ്യുക. ക്രിസ്മസിന് റിലീസ് ചെയ്യാൻ പാകത്തിനാണ് ആമിയുടെ ജോലികൾ പുരോഗമിക്കുന്നത് എന്നാണ് സൂചന.
ഇപ്പോൾ നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കുന്ന മറഡോണ എന്ന ചിത്രം പൂർത്തിയാക്കുകയാണ് ടോവിനോ തോമസ്. ടോവിനോ തോമസ് – ആഷിഖ് അബു ചിത്രം മായാനദി ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുമെന്നാണ് വാർത്തകൾ വരുന്നത്. ടോവിനോയുടെ കഴിഞ്ഞ റിലീസ് ഡൊമിനിക് അരുൺ ഒരുക്കിയ തരംഗം ആയിരുന്നു. പക്ഷെ ഈ ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ല.