ജയറാമിന്‍റെ ആകാശമിട്ടായിക്ക് പിന്തുണയഭ്യർഥിച്ചു മകൻ കാളിദാസ് ജയറാം

0

ജയറാമിന്‍റെ ആകാശമിട്ടായിക്ക് പിന്തുണയഭ്യർഥിച്ചു മകൻ കാളിദാസ് ജയറാം

ഈ കഴിഞ്ഞ ശനിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ജയറാം നായകനായ ആകാശമിട്ടായി എന്ന കുടുംബ ചിത്രം. സമുദ്രക്കനിയും എം പദ്മകുമാറും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം സമുദ്രക്കനി തമിഴിൽ ഒരുക്കിയ അപ്പ എന്ന ചിത്രത്തിന്‍റെ മലയാളം റീമേക് ആണ്. മലയാളത്തിൽ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഗിരീഷ് കുമാറും ചിത്രം നിർമ്മിച്ചത് വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറും ആണ്. ഇപ്പോഴിതാ ആകാശമിട്ടായി എന്ന കൊച്ചു ചിത്രത്തെ പ്രേക്ഷകരിലെത്തിക്കാൻ ജയറാമിന്‍റെ മകൻ കാളിദാസും രംഗത്ത് വന്നിരിക്കുകയാണ്.

വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഒരു ചിത്രമാണ് ആകാശമിട്ടായി എന്ന് കാളിദാസ് ജയറാം പറയുന്നു. എന്നാൽ അത് അർഹിക്കുന്ന ഒരു ശ്രദ്ധ പബ്ലിസിറ്റിയുടെ കുറവ് മൂലം ഈ ചിത്രത്തിന് ലഭിക്കുന്നില്ല. തീയേറ്ററിലേക്ക് ആളുകളെ ആകർഷിക്കാൻ പാകത്തിനുള്ള പബ്ലിസിറ്റി ചിത്രത്തിന് ലഭിക്കുന്നില്ല എന്ന് പറഞ്ഞ കാളിദാസൻ, ഇതുപോലുള്ള മനോഹരമായ കൊച്ചു ചിത്രങ്ങളെ കൈവിടരുത് എന്ന് പ്രേക്ഷകരോടി അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് ജയറാമിന് ഉണ്ടായിരുന്നത് എന്ന് മകൻ പറയുന്നു. തന്റെ പ്രേക്ഷകർ തന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് കൊച്ചു കൊച്ചു ലളിതമായ കുടുംബ ചിത്രങ്ങൾ ആണെന്ന് അറിയാവുന്ന ജയറാം , ഈ ചിത്രം തനിക്കൊരു മികച്ച തിരിച്ചു വരവൊരുക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. ചിത്രം കണ്ടവർക്ക് എല്ലാവര്ക്കും തന്നെ ചിത്രം വളരെയേറെ ഇഷ്ട്ടപെടുന്നുണ്ട് എന്നും തനിക്കും ഈ ചിത്രം ഒരുപാട് ഇഷ്ടമായി എന്നും കാളിദാസ് പറയുന്നുണ്ട്.

എന്നാൽ വേണ്ടത്ര ജനശ്രദ്ധ ഈ ചിത്രത്തിലേക്ക് എത്തിക്കാൻ പാകത്തിനുള്ള പബ്ലിസിറ്റി ഇല്ലാതെ പോയതിനാൽ ഇപ്പോൾ തീയേറ്ററുകളിൽ കിതക്കുന്ന ഈ ചിത്രത്തെ നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർ കൈവിടരുത് എന്ന് പറയുന്നു കാളിദാസ്. ആകാശമിട്ടായി എല്ലാവരും പോയി കാണണം എന്നല്ല താൻ പറയുന്നതെന്നും, പകരം ഇത്തരം നല്ല കൊച്ചു ചിത്രങ്ങൾ ഇവിടെ ഇനിയും ഉണ്ടാകണം എന്നാഗ്രഹം നമ്മുക്ക് ഉണ്ടെങ്കിൽ ഇത്തരം ചിത്രങ്ങൾ നമ്മൾ തിയേറ്ററിൽ പോയി കാണുക തന്നെ വേണമെന്ന ആശയമാണ് മുന്നോട്ടു വെക്കാൻ ആഗ്രഹിക്കുന്നതെന്നും കാളിദാസ് സൂചിപ്പിക്കുന്നു.

ഇതുപോലുള്ള കൊച്ചു ചിത്രങ്ങൾ പബ്ലിസിറ്റി പോലുള്ള ചെറിയ പ്രശ്നങ്ങളിൽ തകർന്നു പോകാതെ അത് അർഹിക്കുന്ന അംഗീകാരം നേടണമെന്ന് ആണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ കാളിദാസ് വമ്പൻ ചിത്രങ്ങൾ മാത്രം പോരാ നമുക്കെന്നും ഓർമ്മിപ്പിക്കുന്നു. സപ്പോർട്ട് ആകാശമിട്ടായി എന്ന ഹാഷ് ടാഗും തന്റെ ഫേസ്ബുക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട് കാളിദാസ്.