വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’; ചിത്രയും ജേക്സ് ബിജോയിയും ഒന്നിച്ച ആദ്യ ഗാനമെത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന “തുടക്കം” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് സംഗീതം നൽകിയ “തളിരോമലേ” എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിസ്മയ മോഹൻലാൽ, ചിപ്പി, സായ് കുമാർ, കോട്ടയം രമേശ്, ജയാ കുറുപ്പ്, പോളി വത്സൻ എന്നിവർ അഭിനയിച്ച ഈ ഗാനം ആലപിച്ചത് കെ എസ് ചിത്രയും ഗാനത്തിന് വരികൾ രചിച്ചത് ജോ പോളുമാണ്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് ഏഴിന് ആണ് ആഗോള റിലീസായി എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം രചിച്ചത് ജൂഡ് ആന്റണി ജോസഫ്, ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവരാണ്. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണി ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
മനോജ് കെ ജയൻ, ബോബി കുര്യൻ, കെ ബി ഗണേഷ് കുമാർ, അശ്വിൻ, ഈസാ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അഖിൽ ജോർജ്, ജോമോൻ ടി ജോൺ എന്നിവർ കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. ഫാമിലി, ഫീൽ ഗുഡ്, ഇമോഷണൽ ഘടകങ്ങൾക്ക് ഒപ്പം ആക്ഷനും ചിത്രത്തിൽ പ്രാധാന്യമുണ്ടെന്നാണ് സൂചന.
ഇൻഡസ്ട്രി ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “തുടക്കം”.

