ലാലേട്ടനൊപ്പം ഇനി ‘പോത്തേട്ടൻസ് ബ്രില്ല്യൻസ്’; ‘നെടുങ്കണ്ടം മിറാക്കിൾ’ പ്രഖ്യാപിച്ചു!

മോഹൻലാൽ നായകനായ ദിലീഷ് പോത്തൻ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. “നെടുങ്കണ്ടം മിറക്കിൾ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം രചിക്കുന്നത് ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്നാണ്. ആദ്യമായാണ് ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ഒരു മോഹൻലാൽ ചിത്രത്തിനായി ഒന്നിക്കുന്നത്. മലൈക്കോട്ടൈ വാലിബന് ശേഷം ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ബാനറിൽ വീണ്ടും അച്ചു ബേബി ജോൺ ഒരു മോഹൻലാൽ ചിത്രം നിർമ്മിക്കുകയാണ്.
വമ്പൻ ടീം ആണ് ചിത്രത്തിന്റെ സാങ്കേതികനിരയിലുള്ളത്. ഷൈജു ഖാലിദ് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. മഷർ ഹംസ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ഒരുക്കുന്നത് റോണക്സ് സേവ്യറാണ്. അജയൻ ചാലിശേരി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ഷൈജു ഖാലിദ്, അജയൻ ചാലിശേരി, സൈജു ശ്രീധരൻ എന്നിവരും ആദ്യമായാണ് ഒരു മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.
ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രം അടുത്ത വർഷം മോഹൻലാലിൻറെ ആദ്യ റിലീസായി എത്തുമെന്നാണ് പ്രതീക്ഷ. ഹൈറേഞ്ച് മേഖലയിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണ് റിപ്പോർട്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സ്കാഷിയും, ജോജി എന്നിവക്ക് ശേഷം ദിലീഷ് പോത്തൻ ഒരുക്കുന്ന ചിത്രമാണിത്. ഇപ്പോൾ തരുൺ മൂർത്തി ഒരുക്കുന്ന അതിമനോഹരമാണ് മോഹൻലാൽ ചെയ്യുന്ന ചിത്രം. അതിമനോഹരം ക്രിസ്മസ് റിലീസായാണ് എത്തുന്നത്.
വിഷ്ണു മോഹൻ ഒരുക്കാൻ പോകുന്ന L367 , കൃഷാന്ത് – നിയോഗ് കൃഷ്ണ ചിത്രം, പ്രിയദർശൻ ചിത്രം എന്നിവയും മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ബ്ലെസി, ചിദംബരം, സത്യൻ അന്തിക്കാട്, പൃഥ്വിരാജ്, ജീത്തു ജോസഫ്, ജിത്തു മാധവൻ, ജൂഡ് ആന്റണി ജോസഫ്, വൈശാഖ്, റോജിൻ തോമസ് എന്നിവർ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന മോഹൻലാൽ ചിത്രങ്ങളുടെ ചർച്ചകളും നടക്കുകയാണ്.


