മൂന്നാം വരവിൽ വാക്കുകളിൽ ഭയം നിറച്ച് ജോർജ്കുട്ടി; ദൃശ്യം 3 ടീസർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 3 യുടെ ടീസർ പുറത്ത്. മെയ് 21 നാണു ചിത്രം ആഗോള റിലീസായി എത്തുക. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി എന്ന കഥാപാത്രത്തിൻ്റെയും കുടുംബത്തിൻ്റെയും ജീവിതത്തിൽ സംഭവിക്കുന്ന വൈകാരികമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. “ഇപ്പോ പേടിയാ സാറെ…” എന്ന് ജോർജ്കുട്ടി പറയുന്ന വാക്കുകൾ ടീസറിലെ പ്രധാന ആകർഷണമാണ്. തന്റെ കുടുംബത്തിന് കാവലായി നിന്ന ജോർജ്കുട്ടി ഇത്തവണ ഭയത്തിന്റെ നിഴലിലാണോ എന്ന ആകാംക്ഷയും ടീസർ പങ്കുവെക്കുന്നു.
ഇവരുടെ ജീവിതത്തിൽ ഇനി സംഭവിക്കും എന്ന ആകാംഷയും ടീസർ നൽകുന്നുണ്ട്. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം 150 കോടിയിൽ അധികം പ്രീ റിലീസ് ബിസിനസ്സ് ആണ് നടത്തിയത്. അടുത്തിടെ പെൻ സ്റ്റുഡിയോസ് ചിത്രത്തിലേക്ക് 100 കോടിയുടെ ഇൻവെസ്റ്റ്മെൻ്റ് നടത്തിയതും വാർത്ത ആയിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് ചിത്രം എത്തുന്നത്.
പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവർ ആണ് ചിത്രം കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത്. ചിത്രത്തിൻ്റെ യുകെ ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾ സ്വീകരിച്ചത് പോലെ മൂന്നാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും ജീത്തു ജോസഫ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മോഹൻലാൽ നായകനായ ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സംഗീതം – അനിൽ ജോൺസൺ, എഡിറ്റിംഗ് – വി എസ് വിനായക്, ക്യാമറ – സതീഷ് കുറുപ്പ്

