“സത്യമായിട്ടും അത് ഞാനല്ല, ഷെബിൻ ആണത്”, ഭീഷ്മയ്ക്ക് വിജയാശംസകൾ നേർന്ന് വിനീത്…
ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി-അമൽ നീരദ് ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. വർഷങ്ങൾക്ക് ശേഷം അമലും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഓരോന്നായി പുറത്ത് വിടുകയാണ് ഭീഷ്മ പർവ്വം ടീം.
ഇപ്പോളിതാ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്ററുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവം ഉണ്ടായിരിക്കുന്നു. പുതിയ പോസ്റ്ററിൽ വിനീത് ശ്രീനിവാസൻ ആണോ എന്നത് സംബന്ധിച്ച് ട്രോളുകൾ വന്നിരുന്നു. വിനീതുമായി അത്രയധികം സാമ്യം തോന്നുന്ന താരം ആണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത് തന്നെ കാരണം. പോസ്റ്ററിൽ താരത്തിന്റെ പേര് ഉണ്ടങ്കിലും അതൊന്നും കാര്യമാക്കാതെ ട്രോളുകൾ. ഇപ്പോൾ ഇക്കാര്യത്തിൽ സാക്ഷാൽ വിനീതും പ്രതികരിച്ചിരിക്കുകയാണ്.
പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിനീത് കുറിച്ചത് ഇങ്ങനെ: “സത്യമായിട്ടും ഇത് ഞാനല്ല! ഇത് ഷെബിൻ ബെൻസൺ ആണ്.” ഭീഷ്മ പാർവ്വത്തിന് വിജയാശംസകളും വിനീത് നേർന്നു.
ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ 2013ൽ അരങ്ങേറ്റം നടത്തിയ ഷെബിൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. അമൽ നീരദ് ഫഹദ് ഫാസിൽ ചിത്രം ഇയ്യോബിന്റെ പുസ്തകത്തിലും ഷെബിൻ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ വർഷം സിനിമയിലും ഷെബിൻ ഭാഗമായി. കളി എന്ന ചിത്രത്തിൽ നായകനായും ഷെബിൻ അഭിനയിച്ചിരുന്നു.