അന്താരാഷ്ട്ര ശ്രദ്ധ നേടി ‘സല്യൂട്ട്’; ചിത്രം റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക്…

ഈ മാസം തീയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ് ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ എന്ന ചിത്രം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസിന് മുൻപ് അഭിമാനകരമായ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുക ആണ്.
റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ഗ്രീൻ മാറ്റ് എന്ററി സല്യൂട്ടിന് ലഭിച്ചിരിക്കുന്നു. ചിത്രം കണ്ട ജൂറിയ്ക്ക് സംവിധായകൻ റോഷൻ ആൻഡ്രൂസിനെയും നായകൻ ദുൽഖർ സൽമാനെയും അഭിനന്ദിച്ച റിപ്പോർട്ടുകളും പുറത്തുവരുന്നു.
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ആദ്യ ചിത്രമാണ് സല്യൂട്ട്. ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ എസ് ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം ഡയാന പെന്റി ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. മനോജ് കെ ജയൻ, ലക്ഷ്മി ഗോപാല സ്വാമി, സായ്കുമാർ, വിജയരാഘവൻ, സാനിയ ഇയ്യപ്പൻ, ഇർഷാദ് എന്നിവർ ആണ് മറ്റ് താരങ്ങൾ.
ബോബി-സഞ്ജയ് കൂട്ട് കെട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അസ്‌ലം കെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദ് ആണ്. ജെക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം ജനുവരി 14ന് ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.