പൃഥ്വിരാജ് ചിത്രം വിമാനത്തിന് ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സൗജന്യ പ്രദർശനം!

0

പൃഥ്വിരാജ് ചിത്രം വിമാനത്തിന് ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സൗജന്യ പ്രദർശനം!

 

കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ വിമാനം പ്രേക്ഷകരുടെ ഇഷ്ടം നേടി വിജയകരമായി മുന്നേറുക ആണ്. ഈ അവസരത്തിൽ വമ്പൻ ക്രിസ്മസ് സമ്മാനം ആണ് വിമാനം ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഒരുക്കി വെച്ചിരിക്കുന്നത്.

ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ ഉള്ള എല്ലാ തീയേറ്ററുകളിലും വിമാനം സൗജന്യം ആയി പ്രദർശിപ്പിക്കുന്നു. അന്നേ ദിവസത്തെ നൂൺ – മാറ്റിനി ഷോകൾ ആണ് സൗജന്യമായി പ്രേക്ഷകർക്ക് കാണാൻ കഴിയുക. കൂടാതെ തുടർന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് – സെക്കന്റ് ഷോകളിൽ നിന്ന് നിർമാതാക്കൾക്ക് കിട്ടുന്ന വിഹിതം പൂർണമായും സജി തോമസിന് ക്രിസ്മസ് സമ്മാനം ആയി കൈമാറാനും വിമാനം ടീം തീരുമാനിച്ചിരിക്കുന്നു.

മലയാളത്തിൽ എന്നല്ല ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു ക്രിസ്മസ് ഗിഫ്റ്റുമായി അണിയറപ്രവർത്തകർ എത്തുന്നത്‌. ചിത്രത്തിലെ നായകനായ പൃഥ്വിരാജ് ആണ് ഫേസ്ബുക് ലൈവിലൂടെ ഈ വിവരം പ്രേക്ഷകരിലേക്ക് എത്തിച്ചത്.

സജി തോമസ് എന്ന മലയാളിയുടെ ജീവിതമാണ് പ്രദീപ് എം നായർ തിരക്കഥ എഴുതി സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം. സജി തോമസിനെ സഹായിക്കുക എന്ന ലക്ഷ്യം ആണ് ഇങ്ങനെ ഒരു ‘ക്രിസ്മസ് ഗിഫ്റ്റ്’ എന്ന ആശയത്തിലേക്ക് എത്തിച്ചത്.

സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ‘വിമാനം’ കാണാൻ ഒരു ഏർപ്പാട് ഉണ്ടാക്കി കൊടുക്കുമോ എന്ന സജിയുടെ ഒരു ചോദ്യം ആണ് കേരളം ഒട്ടാകെ ക്രിസ്മസ് ദിനത്തിൽ സൗജന്യ പ്രദർശനം എന്ന ആശയത്തിലേക്ക് അണിയറ പ്രവർത്തകരെ എത്തിച്ചത്.

ഫസ്റ്റ് കം ഫസ്റ്റ് സെർവ് രീതിയിൽ ആയിരിക്കും ഫ്രീ ടിക്കറ്റ് നൽകുക.

ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ഈ ചിത്രം വിതരണത്തിന് എടുത്തത് നടൻ ആസിഫ് അലി ആണ്.