അടുത്ത പാൻ ഇന്ത്യൻ തരംഗമാകാൻ ‘വിക്രം’; റിലീസിന് മുന്നേ 100 കോടി ക്ലബ്ബിൽ…
സൗത്ത് ഇന്ത്യൻ സിനിമകൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിക്കുന്ന കാഴ്ചകൾ ആണ് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ബോക്സ്ഓഫീസിൽ കാണാൻ കഴിയുന്നത്. പുഷ്പ, ആർആർആർ, കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയ ചിത്രങ്ങൾ ഒക്കെയും ബോളിവുഡിനെ വരെ ഞെട്ടിച്ചു ആണ് വിജയം കൊയ്തത്. പാൻ ഇന്ത്യൻ ചിത്രം എന്ന ലേബലിൽ വിവിധ ഭാഷകളിൽ ആയി എത്തുന്ന സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ വലിയ ചലനം ബോക്സ് ഓഫീസിൽ സൃഷ്ടിക്കുമ്പോൾ അടുത്ത ഹിറ്റ് ചിത്രം ഏതാകും എന്ന ആകാംക്ഷയിൽ ആണ് ഇന്ത്യൻ സിനിമാ ലോകം.
കമൽ ഹാസൻ നായകൻ ആകുന്ന ‘വിക്രം’ എന്ന ചിത്രത്തിന് ആണ് അടുത്തതായി പാൻ ഇന്ത്യൻ തലത്തിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധ്യത കൽപ്പിക്കുന്ന ചിത്രമായി വിലയിരുത്തുന്നത്. റിലീസിന് മുന്നേ തന്നെ 100 കോടി ക്ലബ്ബിൽ ചിത്രം സ്ഥാനം നേടിയിരിക്കുക ആണ്. സാറ്റലൈറ്റ് – ഡിജിറ്റൽ റൈറ്റ്‌സിലൂടെ ആണ് ചിത്രത്തിന് 125 കോടി നേടാനായി എന്നാണ് റിപ്പോർട്ട്. സ്റ്റാർ ഗ്രൂപ്പ് ആണ് ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത്. ഈ വലിയ ഡീൽ സ്വന്തമാക്കാൻ ചിത്രത്തിനെ സഹായിച്ചത് പാൻ ഇന്ത്യൻ തലത്തിൽ ചിത്രത്തിനുള്ള ഹൈപ്പ് ആണെന്ന് വിലയിരുത്തുന്നു.
സ്റ്റാർ ഗ്രൂപ്പിന്റെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ഒടിടി പാർട്ണർ ആയും അവരുടെ തന്നെ വിവിധ ഭാഷകളിലുള്ള ചാനലുകൾ സാറ്റലൈറ്റ് പാർട്ണർ ആയും മാറിയിരിക്കുക ആണ്. ലോകേഷ് കനാഗരാജ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, മലയാളം, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ അഞ്ച് ഭാഷകളിൽ ചിത്രം എത്തും. കമൽ ഹാസന് ഒപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
കൈതി, മാസ്റ്റർ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനാഗരാജ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ കൽപ്പിക്കുന്നത്. മൂന്ന് മികച്ച നടന്മാർ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം, അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രം എന്നീ ഘടകങ്ങൾ കൂടാതെ മറ്റൊരു ഘടകവും ചിത്രത്തിന്റെ പ്രതീക്ഷ ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്. മറ്റൊന്നുമല്ല, കെജിഎഫ്, കെജിഎഫ് 2 ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻമ്പ് – അറിവ് ടീം ആണ് ഈ ആക്ഷൻ ചിത്രത്തിനും പിന്നിൽ.