സൂപ്പർതാരങ്ങളെ മുൻനിർത്തി നേട്ടം കൊയ്യാൻ ‘ഒടിടി’ പ്ലാറ്റ്‌‌ഫോമുകൾ; പുഴുവും ട്വൽത്ത് മാനും വരുന്നു…

0

സൂപ്പർതാരങ്ങളെ മുൻനിർത്തി നേട്ടം കൊയ്യാൻ ‘ഒടിടി’ പ്ലാറ്റ്‌‌ഫോമുകൾ; പുഴുവും ട്വൽത്ത് മാനും വരുന്നു…

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും പുതിയ ചിത്രങ്ങൾ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. രണ്ട് താരങ്ങളുടെയും ചിത്രങ്ങൾ തിയേറ്ററുകളിൽ അല്ല എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണ. ഒടിടി റിലീസിന് ആണ് സൂപ്പർതാര ചിത്രങ്ങൾ തയ്യാറെടുക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ എത്തിക്കുന്നതിലൂടെ വലിയ മുന്നേറ്റങ്ങൾ ഒടിടി പ്ലാറ്റ്‌‌ഫോമുകൾക്ക് ഉണ്ടാകും എന്നാണ് വിലയിരുത്തൽ.

മമ്മൂട്ടിയുടെ ‘പുഴു’, മോഹൻലാലിന്റെ ‘ട്വൽത്ത് മാൻ’ എന്നീ ചിത്രങ്ങൾ ആണ് ഡയറക്റ്റ് ഒടിടി റിലീസിന് എത്തുന്നത്. സോണി ലിവ് ‘പുഴു’ എത്തിക്കുമ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ‘ട്വൽത്ത് മാൻ’ റിലീസ്. ആദ്യം എത്തുക മമ്മൂട്ടിയുടെ പുഴു ആണ്. മെയ് 13ന് ആണ് നവഗതയായ റത്തീന ഷർഷാദ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ റിലീസ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിന് (മെയ് 21ന്) ഒരു ദിവസം മുന്നേ മെയ് 20ന് ട്വൽത്ത് മാനും എത്തും.

മുഴുനീള നെഗറ്റീവ് റോളിൽ ആണ് പുഴുവിൽ മമ്മൂട്ടി എത്തുന്നത്. ത്രില്ലർ ചിത്രമായ ഇതിൽ ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. നടി പാർവതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യമായാണ് മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. മാത്രവുമല്ല, ആദ്യമായി ആണ് ഒരു മമ്മൂട്ടി ചിത്രം ഒടിടിയിൽ ഡയറക്റ്റ് റിലീസിന് ഒരുങ്ങുന്നത്.

അതേ സമയം, മോഹൻലാലിന്റെ മൂന്നാമത്തെ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് ട്വൽത്ത് മാൻ എത്തുന്നത്. പ്രൈം വീഡിയോയിൽ ദൃശ്യം 2, ഹോട്ട്ഡിറ്ററിൽ ബ്രോ ഡാഡി എന്നിവയാണ് മുൻപ് ഒടിടി റിലീസ് ആയി എത്തിയ മോഹൻലാൽ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ റിലീസ് ചെയ്തതിലൂടെ വലിയ മുന്നേറ്റമാണ് ഈ ഒടിടി പ്ലാറ്റ്‌‌ഫോമുകൾ നടത്തിയത്. ജീത്തു ജോസഫ് ഒരുക്കുന്ന ത്രില്ലർ ചിത്രമായ ട്വൽത്ത് മാനും ബ്രോ ഡാഡി പോലെ ഹോട്ട്സ്റ്റാറിന് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായകമാകും എന്നാണ് കരുതുന്നത്. കെ കൃഷ്ണന്കുമാർ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ഉണ്ണിമുകുന്ദൻ, ആണ് സിതാര, അനുശ്രീ തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.