ചിരിയുടെ കൂട്ടമണിക്കു ശേഷം പൊട്ടിച്ചിരിയുടെ ‘ഉറിയടി’; റിവ്യൂ വായിക്കാം

0

ചിരിയുടെ കൂട്ടമണിക്കു ശേഷം പൊട്ടിച്ചിരിയുടെ ‘ഉറിയടി’; റിവ്യൂ വായിക്കാം

ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിലൊന്നാണ് അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം ജോൺ വർഗീസ് സംവിധാനം ചെയ്ത ഉറിയടി .ദിനേശ് ദാമോദർ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ അജു വർഗീസ്, സിദ്ദിഖ്, ബൈജു, ശ്രീനിവാസൻ, വിനീത് മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. രാജേഷ് നാരായണൻ, സുധീഷ് ശങ്കർ, നൈസാം സലാം എന്നിവർ ചേർന്ന് ഫ്രണ്ട്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. രസകരമായ ടീസർ, ട്രൈലെർ എന്നിവയിലൂടെ ഈ കൊച്ചു ചിത്രം റിലീസിന് മുന്നേ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഒരു കൂട്ടം ചെറുപ്പക്കാരുടെയും പോലീസുകാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം അവിടെയുള്ള ഒരു പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പോലീസുകാരുടേയും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളുടെയും അവതരണത്തെ ആണ് നടത്തിയിരിക്കുന്നത്.

ഒരു ചിരി വിരുന്നു തന്നെ പ്രേക്ഷകന് സമ്മാനിച്ച് കൊണ്ടാണ് അടി കപ്യാരെ കൂട്ടമണിയിലൂടെ ജോൺ വർഗീസ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വീണ്ടും ഒരു ക്ലീൻ കോമഡി എന്റെർറ്റൈനെർ ആണ് അദ്ദേഹം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ദിനേശ് ദാമോദർ എഴുതിയ അതീവ രസകരമായ തിരക്കഥക്ക്‌ അതിലും രസകരമായ ഒരു ദൃശ്യ ഭാഷയൊരുക്കിയത് ആണ് ജോൺ വർഗീസ് ഒരു സംവിധായകനെന്ന നിലയിൽ കൈവരിച്ച വിജയം. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും അതീവ രസികന്മാരായ കഥാപാത്രങ്ങളും ചേർന്ന് വളരെ സന്തോഷം നിറഞ്ഞ ഒരു സിനിമ ആണ് ജോൺ വർഗീസും ദിനേശ് ദാമോദറും കൂടി ചേർന്ന് നമ്മുക്ക് സമ്മാനിച്ചത്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കാൻ ഉള്ള ഘടകങ്ങൾ എല്ലാം തന്നെ ഈ ചിത്രത്തിലുണ്ട്. കഥാസന്ദർഭങ്ങളിലെ ലോജിക്കിന് പുറകെ പോകാതെ എല്ലാം മറന്നു ചിരിക്കാനുള്ള മരുന്നാണ് സംവിധായകനും രചയിതാവും ചേർന്ന് ഉറിയടി എന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകന് നൽകുന്നത് എന്ന് പറയാം. വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങളെയും ഈ ചിത്രത്തിൽ രസകരമായി വിമർശിച്ചിട്ടുണ്ട്. അതുപോലെ ഒരാളുടെ പ്രശ്ങ്ങൾ മറ്റുള്ളവർക്ക് എങ്ങനെ തമാശ ആയി മാറുന്നു എന്നും ഈ ചിത്രം കാണിച്ചു തരുന്നു.

അഭിനേതാക്കൾ നൽകിയ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. പരസ്പരം മത്സരിച്ചു തന്നെയാണ് ഓരോ നടീനടന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് പറയാം. ഓരോ കഥാപാത്രങ്ങളുടെയും തിരശീലയിലെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ ചിത്രത്തെ അതീവ രസകരമാക്കി. പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, സിദ്ദിഖ്, വിനീത് മോഹൻ, ബൈജു സന്തോഷ്, ശ്രീജിത്ത് രവി എന്നിവർ തങ്ങളുടെ ഭാഗം മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം എത്തിച്ചപ്പോൾ മറ്റു രസികൻ കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിലെത്തിച്ച ശ്രീനിവാസൻ, മാനസ രാധാകൃഷ്ണൻ, ശ്രീലക്ഷ്മി, ഇന്ദ്രൻസ്, സുധി കോപ്പ, കല്യാണി നായർ, അസീസ്, സേതു ലക്ഷ്മി, നോബി, പ്രേം കുമാർ, ബാലാജി ശർമ്മ, ബിജു കുട്ടൻ, പ്രസാദ് മുഹമ്മ എന്നിവരും മികച്ച പ്രകടനം തന്നെ നൽകി .

ജെമിൻ ജോം അയ്യനേത് ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ഇഷാൻ ദേവ് ഒരുക്കിയ സംഗീതം ചിത്രത്തിലെ അന്തരീക്ഷത്തോടെ ഇഴുകി ചേർന്ന് നിന്നു. കാർത്തിക് ജോഗേഷ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തെ കൂടുതൽ വേഗതയുള്ളതാക്കുകയും സാങ്കേതികമായി മികവ് പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ ഒരുപാട് ചിരിച്ചു രസിച്ചു ആസ്വദിക്കാവുന്ന ഒരു കമ്പ്ലീറ്റ് ഫൺ റൈഡാണ് ഉറിയടി എന്ന ഈ ജോൺ വർഗീസ് ചിത്രം . ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്ന് മാത്രമല്ല ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്യും എന്നുറപ്പാണ്.