ചിരിയുടെ പുത്തൻ രസക്കൂട്ടുമായി ഗോകുൽ സുരേഷിന്‍റെ ‘ഉള്‍ട്ട’; റിവ്യൂ വായിക്കാം…
മികച്ച ചിത്രങ്ങളുമായി രചയിതാക്കളും സംവിധാന രംഗത്തേക്ക് കടന്നു വരുന്ന കാലമാണ് ഇത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ചിട്ടുള്ള സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ‘ഉള്‍ട്ട’ എന്ന ചിത്രമാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്ന്. സംവിധായകൻ സുരേഷ് പൊതുവാൾ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഗോകുൽ സുരേഷ്, അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയിരിക്കുന്നത്. സിപ്പി ക്രീയേറ്റീവ് വർക്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഡോക്ടർ സുഭാഷ് സിപ്പി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമെല്ലാം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
എല്ലാ കാര്യങ്ങളും തല തിരിഞ്ഞു നടക്കുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന ചന്ദു എന്ന കഥാപാത്രത്തിന്‍റെ ജീവിതവും അതിലേക്കു പ്രയാഗയുടെ പാറു, അനുശ്രീയുടെ പൗർണമി എന്നിവർ കടന്നു വരുന്നതുമാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ആണുങ്ങൾ ചെയ്യുന്ന ജോലി പെണ്ണുങ്ങളും പെണ്ണുങ്ങളുടെ ജോലി ആണുങ്ങളും ചെയ്യുന്ന പൊന്നാപുരം എന്ന നാടിന്റെ പശ്ചാത്തലത്തിൽ ആണ് ഇതിന്റെ കഥ വികസിക്കുന്നത്.
എന്നും നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള രചയിതാവ് ആണ് സുരേഷ് പൊതുവാൾ. അദ്ദേഹം സംവിധായകനാവുന്നു എന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരാനുള്ള കാരണവും അദ്ദേഹം നമ്മുക്ക് മുൻപ് സമ്മാനിച്ചിട്ടുള്ള സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളിലൂടെ നമ്മുക്ക് ലഭിച്ചിട്ടുള്ള ചിരിയുടെ അളവ് തന്നെയാണ്. ഈ തവണയും വളരെ രസകരമായ പുതുമയേറിയ ഒരു കഥയെ അതിലും രസകരമായ വ്യത്യസ്ത പശ്ചാത്തലം നൽകി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സുരേഷ് പൊതുവാൾ എന്ന രചയിതാവിനു കഴിഞ്ഞിട്ടുണ്ട്..ആദ്യം മുതൽ അവസാനം വരെ നിറയെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം ഒരുക്കിയിരിക്കുന്നത്. രചയിതാവ് എന്ന നിലയിൽ അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദനം അർഹിക്കുന്നു എന്ന് സംശയമേതുമില്ലാതെ തന്നെ പറയാം. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ പുതുമയേറിയ കഥാ സന്ദർഭങ്ങൾക്കൊപ്പം പ്രേക്ഷക സമക്ഷം എത്തിച്ചതിനൊപ്പം തന്നെ സുരേഷ് പൊതുവാൾ എന്ന സംവിധായകന് രസകരമായതും മനോഹരമായതുമായ ഒരു ദൃശ്യ ഭാഷ വെള്ളിത്തിരയിൽ എത്തിക്കാനും സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്‍റെ വിജയം. സിറ്റുവേഷൻ കോമഡി തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ആവേശകരമായ കഥാ സന്ദര്ഭങ്ങളും അതോടൊപ്പം കോമെടിയും ചേർന്നപ്പോൾ, അതിനെ വളരെ മികച്ച രീതിയിൽ വിശ്വസനീയമായി പ്രേക്ഷകന്റെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഉൾട്ടയെ വിജയിപ്പിക്കുന്നത്.
ചന്ദു എന്ന കേന്ദ്ര കഥാപാത്രമായി ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന പ്രകടനമാണ് ഗോകുൽ സുരേഷ് നടത്തിയത്. വളരെ രസകരമായി അഭിനയിച്ച ഗോകുൽ സുരേഷിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം തന്നെ പരസ്പരം കൊണ്ടും കൊടുത്തും പെർഫോം ചെയ്തപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു. ഗോകുൽ സുരേഷ് വളരെ അനായാസകരമായി ചന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ, പാറു എന്ന കഥാപാത്രത്തെ പ്രയാഗ മാർട്ടിൻ വളരെ രസകരമായി നമ്മുക്ക് മുന്നിൽ എത്തിച്ചു. പൗർണമി ആയി എത്തിയ അനുശ്രീയും മികച്ച പ്രകടനം തന്നെയാണ് നൽകിയത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, സിദ്ദിഖ്, ശാന്തി കൃഷ്ണ, സുരഭി ലക്ഷ്മി, സലിം കുമാർ, രമേശ് പിഷാരടി, തെസ്നി ഖാൻ, ജാഫർ ഇടുക്കി , മഞ്ജു സുനിച്ചാണ്, നിർമ്മൽ പാലാഴി, കെ പി എ സി ലളിത, കോട്ടയം പ്രദീപ്, സേതുലക്ഷ്മി, സിനോജ് വർഗീസ്, സരസ ബാലുശ്ശേരി, ബിനു അടിമാലി, പോളി വത്സൻ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ശർമ്മ, ഷാജോൺ, ഡാനിയൽ ബാലാജി, രഞ്ജി പണിക്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.
പ്രകാശ് വേലായുധൻ ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ എഡിറ്റർ എന്ന നിലയിൽ ഷമീർ മുഹമ്മദ് പുലർത്തിയ മികവ് ചിത്രത്തിന് മികച്ച വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു. ഗോപി സുന്ദർ, സുദർശൻ എന്നിവർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത വിഭാഗം കൈകാര്യം ചെയ്തത് .ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തിയപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു.
‘ഉള്‍ട്ട’ നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു വിനോദ ചിത്രമാണ്. കൊടുത്ത കാശ് മുതലാവുന്ന ഒരു രസികൻ ഫൺ മൂവി. കുടുംബമായി ആഘോഷമായി കാണാവുന്ന ഒരു ചിത്രം ആണ് സുരേഷ് പൊതുവാൾ നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു എന്ന് പറയാം.