രണ്ടും കൽപ്പിച്ച് ജോസ്, ഇന്ത്യ ഒട്ടാകെ ട്രെൻഡിങ്; ‘ടർബോ’ ഹൈപ്പ് ഉയരുന്നു…

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി റിലീസ് ചെയ്യാൻ പോകുന്ന ടർബോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് രചിച്ചു വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മെയ് 23 നാണ് റിലീസ് ചെയ്യാൻ പോകുന്നത്. മമ്മൂട്ടി കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ടർബോ നിർമ്മിക്കുന്നതും അദ്ദേഹത്തിന്റെ തന്നെ മമ്മൂട്ടി കമ്പനി എന്ന ബാനറാണ്. മെഗാസ്റ്റാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് പ്ലാൻ ചെയ്യുന്ന ടർബോയുടെ പോസ്റ്ററുകൾ എല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ മരണ മാസ്സ് ലുക്കിൽ മമ്മൂട്ടിയെത്തുന്ന ഇതിന്റെ പുത്തൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകൾ/ ഷോകളുടെ ഐഎംഡിബി ലിസ്റ്റിൽ ചിത്രം രണ്ടാം സ്ഥാനം നേടുകയും ചെയ്തിരിക്കുക ആണ്. കൽക്കി 2898 എഡി എന്ന ചിത്രം ആണ് ഒന്നാം സ്ഥാനത്ത്. ഒരു വമ്പൻ അടിപ്പടം എന്ന രീതിയിൽ തന്നെയാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയുടെ ഒരു മരണ മാസ്സ് അടിപ്പടം കാണാൻ കൊതിച്ചിരിക്കുന്ന ആരാധകർക്കും ടർബോ പോസ്റ്ററുകൾ ആവേശം പകരുന്നുണ്ട്.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ദൈർഘ്യം കൂടിയ ആക്ഷൻ സീനും ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജോസ് എന്ന മാസ്സ് അച്ചായൻ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, ശബരീഷ് വർമ്മ, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ് എന്നിവരും ഒപ്പം ഒരുപിടി പ്രശസ്ത നടീനടന്മാരും വേഷമിട്ടിരിക്കുന്നു.
ആക്ഷനൊപ്പം കോമഡിക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ഫീനിക്സ് പ്രഭു എന്നിവരാണ്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീമിൽ നിന്ന് വരുന്ന ഈ മാസ്സ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിഷ്ണു ശർമയാണ്.