തമന്നയും റാഷിയും വിസ്മയിപ്പിച്ച ‘അരൺമനൈ 4’ലെ ഗാനത്തിൻ്റെ പൂർണ്ണരൂപം പുറത്തിറങ്ങി…

സുന്ദർ സി സംവിധാനം ചെയ്ത തമിഴ് ഹൊറർ-കോമഡി ചിത്രം ‘അരൺമണൈ 4’ ലെ ഹിറ്റ് ഗാനമായ അച്ചച്ചോ യുടെ പൂർണ്ണരൂപം അണിയറപ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഈ ഗാനത്തിന്റെ പ്രോമോ പതിപ്പ് റിലീസ് ചെയ്യുകയും ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ ആണ് ഗാനത്തിന്റെ പൂർണ്ണരൂപം ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
നായികമാരായ തമന്നാ ഭാട്ടിയയുടെയും റാഷി ഖന്നയുടെയും നൃത്തച്ചുവടുകളും ഹിപ്ഹോപ് തമിഴയുടെ സംഗീതവും കൊണ്ടും ശ്രദ്ധ നേടുകയാണ് ഈ ഗാനം. വിഘ്നേഷ് ശ്രീകാന്ത് വരികൾ രചിച്ച ഗാനം ഖരെസ്മ രവിചന്ദ്രൻ, ശ്രീനിഷ ജയശീലൻ, ഹിപ്ഹോപ് തമിഴ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
സുന്ദർ സി നായകനും സംവിധായകനുമായ ഈ ചിത്രത്തിൽ യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സുന്ദർ സിയുടെ ഭാര്യയും അഭിനേതാവുമായ ഖുശ്ബു സുന്ദറാണ് ഈ ചിത്രം നിർമ്മിച്ചത്.