ലോകം തിരഞ്ഞ 100 ഇന്ത്യൻ താരങ്ങളെ അവതരിപ്പിച്ച് ഐഎംഡിബി; മലയാളത്തിൽ നിന്ന് ഒന്നാമൻ മോഹൻലാൽ…

സിനിമയെ കുറിച്ചും താരങ്ങളെ കുറിച്ചും അറിയാൻ ലോക ജനത ആശ്രയിക്കുന്ന വെബ്സൈറ്റ് ആയ ഐഎംഡിബി (ഇൻ്റർനെറ്റ് മൂവി ഡാറ്റാബേസ്) ആഗോള തലത്തിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇന്ത്യൻ സിനിമാ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. അന്താരാഷ്ട്ര തലത്തിൽ ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട നൂറ് ഇന്ത്യൻ നടീനടന്മാരുടെ ലിസ്റ്റ് ആണ് അവർ പുറത്തു വിട്ടിരിക്കുന്നത്. അതിൽ മലയാളത്തിൽ നിന്നും ഇടം പിടിച്ചിരിക്കുന്നത് മോഹൻലാൽ, ദുൽഖർ സൽമാൻ, മമ്മൂട്ടി, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ്.
ഈ ലിസ്റ്റിൽ നാല്പത്തിയെട്ടാം സ്ഥാനത്തുള്ള മോഹൻലാൽ ആണ് ഈ ലിസ്റ്റിലെ ആദ്യ 50 സ്ഥാനങ്ങൾക്കുള്ളിൽ ഇടം പിടിച്ചിരിക്കുന്ന ഒരേയൊരു മലയാളി താരം. മലയാളത്തിൽ മോഹൻലാൽ ഒന്നാമനായപ്പോൾ, മലയാളത്തെ നിന്നും രണ്ടാമത് വന്നത് ഈ ലിസ്റ്റിലെ അൻപത്തിയൊൻപതാം സ്ഥാനം നേടിയ യുവതാരം ദുൽഖർ സൽമാനാണ്. മെഗാസ്റ്റാർ മമ്മൂട്ടി അറുപത്തി മൂന്നാം സ്ഥാനത്തും, ഫഹദ് ഫാസിൽ എണ്പത്തിയൊന്നാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സുകുമാരനാണ് ഈ ലിസ്റ്റിലെ നൂറാം സ്ഥാനത്തെത്തിയത്.
ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക പ്രമുഖ നടീനടന്മാരും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ദീപിക പദുക്കോൺ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, ആലിയ ഭട്ട്, ഇർഫാൻ ഖാൻ, ആമിർ ഖാൻ, സുശാന്ത് സിങ് രാജ്പുത്, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, അക്ഷയ് കുമാർ, കത്രീന കൈഫ്, അമിതാബ് ബച്ചൻ, സാമന്ത, കരീന കപൂർ, തൃപ്തി ഡിമ്രി, തമന്ന ഭാട്ടിയ, രൺബീർ കപൂർ, നയൻതാര, രൺവീർ സിങ്, അജയ് ദേവ്‌ഗൺ എന്നിവരാണ് ഈ ലിസ്റ്റിൽ യഥാക്രമം ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയത്.
ദളപതി വിജയ് മുപ്പത്തിയഞ്ചാം സ്ഥാനത്തും പ്രഭാസ്, ഇരുപത്തിയൊന്പതാം സ്ഥാനത്തുമാണ്. രജനികാന്ത്, കമൽ ഹാസൻ എന്നിവർ യഥാക്രമം നാല്പത്തിരണ്ടാം സ്ഥാനത്തും അന്പത്തിനാലാം സ്ഥാനത്തുമാണ്. 2014 ജനുവരി മുതൽ 2024 ഏപ്രിൽ വരെയുള്ള ഐഎംഡിബി പ്രതിവാര റാങ്കിംഗിനെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുനിന്നും ഐഎംഡിബിയിലേക്ക് എത്തുന്ന 250 ദശലക്ഷത്തിലധികം വരുന്ന പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് വ്യൂസ് ആണ് ഈ റാങ്കിംഗുകൾ നിർണ്ണയിക്കുന്നത്.