“മമ്മൂക്കയുടെ സിബിഐ ലുക്ക് കാണാൻ ആണ് ലൊക്കേഷനിൽ പോയത്”: ടിനു പാപ്പച്ചൻ

യുവ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ആയി മാറിയിരിക്കുകയാണ് ടിനു പാപ്പച്ചൻ. ടിനുവിന്റെ പുതിയ ചിത്രം ‘അജഗജാന്തരം’ വലിയ ആവേശവും ആഘോഷവും ആണ് തീയേറ്ററുകളിൽ സൃഷ്ടിച്ചത്. ശേഷം സൂപ്പർതാരങ്ങൾക്ക് ഒപ്പമുള്ള ടിനുവിന്റെ ഒരു ചിത്രനായി കാത്തിരിക്കുക ആണ് ആരാധകർ.
മമ്മൂട്ടി ചിത്രം സിബിഐ 5 ന്റെ ലൊക്കേഷനിൽ ടിനു കഥ പറയാൻ ചെന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുക ഉണ്ടായി. ട്രെയിലറും പാട്ടും ഒക്കെ പുറത്തിറക്കിയത് മമ്മൂട്ടി ആയിരുന്നു എന്നും ചിത്രം ഓടിയപ്പോൾ അതിന്റെ സന്തോഷം പങ്കിടാനും ഒപ്പം സിബിഐ ലുക്ക് കാണാനും ആയിട്ടാണ് ലൊക്കേഷനിൽ പോയത് എന്ന് ടിനു പറഞ്ഞു.
ടിനുവിന്റെ വാക്കുകൾ ഇങ്ങനെ:
“മമ്മൂക്കയോടൊപ്പം ഒരു ചിത്രം ചെയ്യാൻ വലിയ ആഗ്രഹം ഉണ്ട്. കഥ പറയാൻ ഒരു ശ്രമം ഞാൻ നടത്തിയിട്ടുണ്ട്. സിബിഐ ലൊക്കേഷനിൽ കഥ പറയാൻ വേണ്ടി പോയതല്ല. പടം (അജഗജാന്തരം) ഓടിയപ്പോൾ നമുക്ക് മെസേജ് ഒക്കെ ആയച്ചിരുന്നു. സാർ ആയിരുന്നു ട്രെയിലറും പാട്ടും ഒക്കെ റിലീസ് ചെയ്ത് തന്നത്. അപ്പൊ അതിന്റെ ഒരു സന്തോഷം. പിന്നെ നൻപകലിൽ ഒക്കെ വർക് ചെയ്തത് അല്ലേ. കാണാൻ വേണ്ടി പോയത് ആണ്. പിന്നെ സിബിഐയുടെ ലുക്ക് എങ്ങനെ ആണെന്ന് എനിക്ക് അറിയണമായിരുന്നു. അപ്പൊ ഞാൻ പറഞ്ഞു സിബിഐ ലുക്ക് കാണാൻ വേണ്ടി വന്നത് ആണെന്ന്.”
അതേ സമയം, മോഹൻലാലിന് ഒപ്പം ഒരു ചിത്രം ചെയ്യാൻ ഉള്ള കഥ പറഞ്ഞിട്ടുണ്ട് എന്നും കഥ അദ്ദേഹത്തിന് ഇഷ്ടമായി എന്നും ടിനു വെളിപ്പെടുത്തിയിരുന്നു. എന്തായാലും പ്രേക്ഷകർ ടിനുവിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്.