ബോക്സ് ഓഫീസിൽ തിളങ്ങി ‘ഹൃദയം’; ആദ്യ ദിന കേരള കളക്ഷൻ റിപ്പോർട്ട്…
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘ഹൃദയം’ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോളിതാ ഹൃദയത്തിന്‍റെ ആദ്യ ദിന കേരള കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്.
കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് ആദ്യ ദിനത്തിൽ ഗ്രോസ് കളക്ഷനായി 2.72 കോടി രൂപ ആണ് ഹൃദയം നേടിയത്. നെറ്റ് കളക്ഷൻ 2.21 കോടിയാണ്. 1.27 കോടിയാണ് ഷെയർ. പോസ്റ്റ് കോവിഡ് ബോക്സ് ഓഫീസിൽ ആദ്യ ദിനത്തിൽ കേരളത്തിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ കളക്ഷൻ ആണിത്. മരക്കാർ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് പിന്നിലാണ് ഹൃദയം സ്ഥാനം പിടിച്ചിരിക്കുന്നത്.
1641 ഷോകൾ ആണ് കേരളത്തിൽ ചിത്രം ആദ്യ ദിനത്തിൽ കളിച്ചത്. 141 എക്സ്ട്രാ/സ്‌പെഷ്യൽ ഷോകൾ ഉൾപ്പെടെയുള്ള കണക്ക് ആണിത്. മികച്ച അഭിപ്രായങ്ങൾ ചിത്രത്തിന് ലഭിച്ചത് കാരണം രണ്ടാം ദിനത്തിൽ ഇതിലും കൂടുതൽ ഷോകൾ കളിക്കാനായി. 1682 ഷോകൾ ആണ് രണ്ടാം ദിനത്തിൽ കളിച്ചത്. ആദ്യ ദിന കളക്ഷനും രണ്ടാം ദിനത്തിൽ മറികടക്കും എന്ന് ഉറപ്പായിട്ടുണ്ട്.
നിരവധി ചിത്രങ്ങളുടെ റിലീസ് മാറ്റി വെച്ചതിനാൽ പ്രതിസന്ധിയിലായ തിയേറ്ററുകൾക്ക് വലിയ കരുത്ത് ആവുകയാണ് ‘ഹൃദയം’. ഞായർ ലോക്ക്ഡൗൺ ആയതിനാൽ ചിത്രത്തിന് ഇന്ന് പ്രദർശനങ്ങൾ ഇല്ല. നാളെ ചിത്രം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രദർശനങ്ങൾ തുടരും.