in

“ആ യാത്രയുടെ അർത്ഥവും ആഴവും ഏറുന്നു, കൂടെ ഉണ്ടാകണം എല്ലാരും”; മോഹൻലാൽ ചിത്രത്തെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി…

“ആ യാത്രയുടെ അർത്ഥവും ആഴവും ഏറുന്നു, കൂടെ ഉണ്ടാകണം എല്ലാരും”; മോഹൻലാൽ ചിത്രത്തെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി…

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ വലിയ രീതിയിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ചിത്രമൊരുക്കുകയാണ് ഈ പ്രതിഭാധനനായ സംവിധായകൻ.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം L360 എന്ന താത്കാലിക പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഏപ്രിൽ മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം ഇപ്പോഴതിന്റെ ചിത്രീകരണത്തിന്റെ അവസാന ഘട്ടങ്ങളിലാണ്. ഈ സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

അദ്ദേഹം കുറിച്ചത് ഇപ്രകാരം, “ഷോർട്ട് ഫിലിംകളും നാടകങ്ങളും കളിച്ചു നടന്ന കാലത്ത് ഒരിക്കൽ എന്റെ ഒരു ഷോർട്ട് ഫിലിം കണ്ട് ജോൺ പോൾ സാർ പറഞ്ഞു ‘നീ സിനിമയിൽ എത്തേണ്ടവനാണ് എന്ന്’. യാതൊരു പരിചയവും ഇല്ലാത്ത എന്നോട് ആ മനുഷ്യൻ പറഞ്ഞ വാക്കിന്റെ പുറത്ത് ഇറങ്ങി തിരിച്ച ആ യാത്രയ്ക്ക് ഇപ്പോ അർഥവും ആഴവും ഏറുന്ന പോലെ. കൂടെ ഉണ്ടാകണം എല്ലാരും. ഇത് അത്ര യേറെ പ്രധാനപെട്ട സിനിമയാണ്…ഞങ്ങൾക്കും നിങ്ങൾക്കും.”.

മോഹൻലാൽ എന്ന മഹാനടനെ സംവിധാനം ചെയ്യാൻ ലഭിച്ച ഭാഗ്യത്തെ കുറിച്ച് ഇതിന് മുൻപും തരുൺ മൂർത്തി വാചാലനായിട്ടുണ്ട്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ തനിക്ക് ഇതൊരനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്.

ശോഭന, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു തുടങ്ങി ഒരു മികച്ച താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിഷാദ് യൂസഫ് എഡിറ്റിംഗ് നിർവഹിക്കുന്നഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ, സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് എന്നിവരാണ്.

“അവര് തിരുമ്പി വരണം”; സേനാപതി വീണ്ടും അവതരിക്കുന്നു, ആവേശമായി ‘ഇന്ത്യൻ 2’ ട്രെയിലർ…

പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് സുരേഷ് ഗോപിയുടെ ‘വരാഹം’ ടീസർ പുറത്തിറങ്ങി…