ബോക്സ് ഓഫീസിന് സുദിനങ്ങൾ സമ്മാനിക്കുന്ന തണ്ണീർ മത്തൻ ദിനങ്ങളുടെ വിജയ ശിൽപ്പികൾ ഇവരൊക്കെ..

0

ബോക്സ് ഓഫീസിന് സുദിനങ്ങൾ സമ്മാനിക്കുന്ന തണ്ണീർ മത്തൻ ദിനങ്ങളുടെ വിജയ ശിൽപ്പികൾ ഇവരൊക്കെ..

വമ്പൻ താര നിര ഒന്നുമില്ലാതെ ബോക്സ് ഓഫീസിൽ നേട്ടങ്ങൾ കൊയ്യുന്ന ചിത്രങ്ങൾ മലയാള സിനിമാ ലോകത്തിന് എന്നും പ്രതീക്ഷയും പ്രചോദനവും ആണ്. കഴിഞ്ഞ ആഴ്ചയിൽ തീയേറ്ററുകളിൽ എത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ നൽകുന്നത് ഈ പ്രതീക്ഷയും പ്രചോദനവും ആണ്.

നവാഗതരായ അഭിനേതാക്കൾക്ക് ഒപ്പം തന്നെ സാങ്കേതിക പ്രവർത്തകർക്കും പ്രചോദനം ആണ് ഇത്തരം ചെറു ചിത്രങ്ങൾ. അതുകൊണ്ട് തന്നെ തണ്ണീർ മത്തൻ ദിനങ്ങൾ ബോക്സ് ഓഫീസിൽ ആഘോഷം ആകുമ്പോൾ താരങ്ങൾക്ക് ഒപ്പം നമുക്ക് ചിത്രത്തിന്‍റെ സാങ്കേതിക തലങ്ങളില്‍ മികവ് കാട്ടി വിജയ ശിൽപ്പികൾ ആയ ഇവർക്ക് കൂടി കൈയടി നൽകാം.

വലിയ താരനിരയുടെ പിൻബലം ഇല്ലാതെ ഈ ചിത്രം ഇന്ന് ചിത്രീകരണം പൂർത്തിയായി തീയേറ്ററുകളിൽ എത്തിയിട്ടുണ്ടേൽ ആദ്യം നന്ദി പറയേണ്ടത് ഇതിന്റെ നിർമ്മാതാക്കൾക്ക് തന്നെ ആണ്. ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ആണ് ഈ ചിത്രം നിർമ്മിച്ചത്.

മലയാളത്തിന് നല്ലൊരു സിനിമാ അനുഭവം സമ്മാനിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി ആണ്. ഗിരീഷും ഡിനോയ്‌ പൗലോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രത്തിനായി മികച്ച ദൃശ്യങ്ങൾ പകർത്തിയത് നിർമ്മാതാവ് കൂടിയായ ജോമോൻ ടി ജോണും ഒപ്പം വിനോദ് ഇല്ലം പിള്ളിയും ചേർന്നാണ്. എഡിറ്റിംഗ് നിർവഹിച്ചത് നിർമ്മാണ പങ്കാളി കൂടിയായ ഷമീർ മുഹമ്മദ് ആണ്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം നയിച്ചത്.

സാങ്കേതിക പ്രവർത്തകരുടെ മികവിനൊപ്പം മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ അഭിനേതാക്കൾ കൂടി മികവ് തെളിയിച്ചപ്പോൾ മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തു നിർത്താവുന്ന ചലച്ചിത്രാനുഭവം ആണ് തണ്ണീർ മത്തൻ ദിനങ്ങൾ സമ്മാനിച്ചത്. ഇനിയും ഇതുപോലെ ബോക്സ് ഓഫിസിന് നല്ല ദിനങ്ങളും അതേപോലെ പ്രേക്ഷകരുടെ മനസും നിറയ്ക്കുന്ന ചലച്ചിത്രാനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കാം.