ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സ്ട്രീറ്റ് ലൈറ്റ്സും ആദിയും ജനുവരി 26ന് എത്തുന്നു!

0

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സ്ട്രീറ്റ് ലൈറ്റ്സും ആദിയും ജനുവരി 26ന് എത്തുന്നു!

ഈ വരുന്ന ജനുവരി 26 നു കേരളാ ബോക്സ്ഓഫീസിനെ കാത്തിരിക്കുന്നത് തീ പാറുന്ന പോരാട്ടം ആണ്. മെഗാസ്റ്റാർ മമ്മൂട്ടി സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എത്തുമ്പോൾ എതിരെ നിൽക്കുന്നത് ആദി എന്ന ആക്ഷൻ ത്രില്ലറുമായി മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ ആണ്. പ്രശസ്ത ക്യാമറാമാൻ ആയ ഷാംദത് സൈനുദ്ധീന്‍റെ ആദ്യ സംവിധാന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്‌സെങ്കിൽ ആദി ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ആണ്. മമ്മൂട്ടിയും പ്രണവ് മോഹൻലാലും നേർക്ക് നേർ വരുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ വഴിമാറും എന്നാണ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷ.

രണ്ടു ചിത്രങ്ങളുടെയും ട്രെയിലർ, ടീസർ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ, ലിജോമോള് ജോസ് എന്നിവർ സ്ട്രീറ്റ് ലൈറ്റ്‌സിൽ നിർണ്ണായക വേഷങ്ങളിൽ എത്തുമ്പോൾ ആദിയും താര സമ്പന്നമാണ്. സിദ്ദിഖ്, ജഗപതി ബാബു, ഷറഫുദീൻ, അദിതി രവി, അനുശ്രീ, സിജു വിൽ‌സൺ എന്നിവരാണ് ആദിയിലെ മറ്റു പ്രധാന താരങ്ങൾ. ഫാമിലി ഇമോഷൻസിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ആക്ഷൻ ചിത്രമാണ് ആദി. അതേസമയം വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി ഒരുക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് സ്ട്രീറ്റ് ലൈറ്റ്‌സ് എത്തുക.

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി . ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചതും ജീത്തു ജോസഫ് തന്നെയാണ്. പ്ളേ ഹൌസ് മോഷൻ പിക്ചർസിന്‍റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് സ്ട്രീറ്റ് ലൈറ്റ്‌സ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ ഇരുനൂറോളം സ്‌ക്രീനുകളിൽ ആയിരിക്കും ആദി പ്രദർശനത്തിന് എത്തുക എന്നാണ് അറിയുന്നത്. നൂറ്റി അൻപതോളം സ്‌ക്രീനുകളിൽ സ്ട്രീറ്റ് ലൈറ്റ്‌സും എത്തുമെന്നറിയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here