കേരളത്തിൽ 40 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റു പോയ ചിത്രങ്ങൾ; കൂടുതലും മോഹൻലാൽ ചിത്രങ്ങൾ

കേരളത്തിൽ ബോക്സ് ഓഫിസ് ട്രാക്കിങ് ആരംഭിച്ചതിനു ശേഷം, 40 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത്. കേരളത്തിൽ ട്രാക്കിങ് ആരംഭിച്ച സ്നേഹസല്ലാപം, ഫോറം റീൽസ്, ഫോറം കേരള, ഇപ്പോഴത്തെ പ്രമുഖ ട്രാക്കിങ് സൈറ്റായ വാട്ട് ദ ഫസ് തുടങ്ങിയ വിവിധ ട്രാക്കിങ് സൈറ്റുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് രൂപപ്പടുത്തിയിരിക്കുന്നതെന്നാണ് സൂചന.
2010 നു ശേഷം കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് ഈ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. മലയാള ചിത്രങ്ങളും അന്യഭാഷാ ചിത്രങ്ങളുമുള്ള ലിസ്റ്റിൽ ഇതിനോടകം 14 ചിത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ഈ ലിസ്റ്റിലെ ഏറ്റവും പുതിയ എൻട്രി.
ദൃശ്യം, പ്രേമം, പുലിമുരുകൻ, ബാഹുബലി 2 , ലൂസിഫർ, കെജിഎഫ് 2 , 2018 , ജയിലെർ, ലിയോ, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു ചിത്രങ്ങൾ. 14 ചിത്രങ്ങളുള്ള ഈ ലിസ്റ്റിൽ തന്റെ മൂന്നു ചിത്രങ്ങളുമായി ഏറ്റവും കൂടുതൽ തവണ സ്ഥാനം പിടിച്ചത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ എന്നിവയാണ് ആ മോഹൻലാൽ ചിത്രങ്ങൾ.
ഇത് കൂടാതെ ജയിലർ എന്ന ചിത്രത്തിൽ അതിഥി താരമായും മോഹൻലാൽ എത്തിയിരുന്നു. ഈ 14 ചിത്രങ്ങളിൽ പുലിമുരുകൻ, ലൂസിഫർ, 2018 , മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് 100 കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രങ്ങൾ. തമിഴിൽ നിന്ന് ലിയോ, ജയിലർ എന്നിവ ഇടം നേടിയപ്പോൾ തെലുങ്കിൽ നിന്ന് ബാഹുബലി 2 , കന്നഡയിൽ നിന്ന് കെജിഎഫ് 2 എന്നിവയാണ് ഇടം പിടിച്ചത്.