“തോന്നുന്നതും കാണുന്നതുമായ പല കാര്യങ്ങളും യാദൃശ്ചികമല്ല”; നിഗൂഢത പടർത്തി ‘സീക്രട്ട്’ ട്രെയിലർ…
പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടെ അരങ്ങേറ്റ സംവിധാന സംരംഭവമായ ‘സീക്രട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും എസ് എൻ സ്വാമി തന്നെയാണ്. ജൂലൈ 26ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് ഇന്ന് റിലീസ് ആയിരിക്കുന്നത്.
സംഭവിക്കാൻ സാധ്യതയുള്ള കാര്യം മുൻകൂട്ടി പ്രവചിച്ച് മുന്നറിയിപ്പ് നല്കുന്നതും അതിന്റെ രഹസ്യവും മറ്റുമാണ് ഈ സിനിമയുടെ തീം എന്ന് ട്രെയിലർ സൂചന നല്കുന്നു. തോന്നുന്നതും കാണുന്നതുമായ പല കാര്യങ്ങളും യാദൃശ്ചികമല്ല എന്ന ട്രെയിലറിലെ ഒരു ഡയലോഗ് നിഗൂഢത നിറഞ്ഞൊരു ചിത്രത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ട്രെയിലറിൽ നിരവധി കഥാപാത്രങ്ങളുടെ ഡയലോഗുകളുണ്ടെങ്കിലും നായക കഥപാത്രത്തിന്റെ ഒരു ഡയലോഗ് പോലുമില്ലാതെ ഇരുന്നതും ചർച്ചയാകുന്നുണ്ട്. ട്രെയിലർ:
ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജാക്സൺ ജോൺസൺ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ ബസോദ് ടി ബാബുരാജ് ആണ്.