സയൻസ് ഫിക്ഷൻ ത്രില്ലറിൽ സാമന്തയും ഉണ്ണിമുകുന്ദനും; ‘യശോദ’ ഗ്ലിമ്പ്സ്

0

സയൻസ് ഫിക്ഷൻ ത്രില്ലറിൽ സാമന്തയും ഉണ്ണിമുകുന്ദനും; ‘യശോദ’ ഗ്ലിമ്പ്സ്

സാമന്ത നായിക ആകുന്ന ചിത്രം ‘യശോദ’യുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ. സാമന്ത ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഈ ചിത്രം ഹരി ശങ്കറും ഹരീഷ് നരനും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ യുവതാരം ഉണ്ണിമുകുന്ദനും തമിഴ് നടി വരലക്ഷമി ശരത്ത്കുമാറും ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

36 സെക്കൻഡ് ദൈർഘ്യമുള്ള ഗ്ലിമ്പ്സ് ആണ് യശോദ ടീം പുറത്തുവിട്ടിരിക്കുന്നത്. സാമന്തയുടെ കഥാപാത്രത്തെ മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഉറക്കത്തിൽ നിന്ന് ഉണരുന്ന സാമന്തയുടെ കഥാപാത്രം തനിക്ക്‌ ചുറ്റുമുള്ളത് ഒക്കെ കണ്ട് ആശ്ചര്യപ്പെടുന്നതും തുടർന്ന് ജനലിന് അരികിൽ എത്തി പുറത്തുള്ള ഒരു പ്രാവിനെ സ്പർശിക്കാൻ ശ്രമിക്കുന്നതും ആണ് വീഡിയോ ദൃശ്യമാകുന്നത്. എളുപ്പത്തിൽ എത്തി ചേരാൻ കഴിയാത്ത ഒരിടത്ത് അകപ്പെട്ടിരിക്കുകയാണ് സാമന്തയുടെ കഥാപാത്രം എന്നാണ് അനുമാനിക്കാൻ കഴിയുക. പശ്ചാത്ത സംഗീതവും ദൃശ്യങ്ങളും എല്ലാം കൗതുകരമായ ഒരു അനുഭവം സൃഷ്ടിച്ചെടുക്കുന്നുണ്ട്. വീഡിയോ കാണാം:

സാമന്തയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിൽ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഗൗതം എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും മധുബാല എന്ന കഥാപാത്രമായി വരലക്ഷമിയും എത്തുന്നു. ചിത്രത്തിന്റെ സംവിധായകർ ആയ ഹരി ശങ്കരും ഹരീഷ് നരനും ആണ് തിരക്കഥയും രചിച്ചിരിക്കുന്നത്.

ശിവലങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ശ്രീദേവി മൂവീസ് എന്ന ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിശർമ്മ സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ എം സുകുമാർ ആണ്. എഡിറ്റിങ്ങ് മാർത്താണ്ഡ കെ വെങ്കിടേഷ് നിർവഹിക്കുന്നു. ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.