രണ്ടര മണിക്കൂർ ത്രില്ലടിപ്പിക്കാൻ ‘റോഷാക്ക്’; റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി…

പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റോഷാക്കിന്റെ സെൻസറിംഗ് പൂർത്തിയായിരിക്കുക ആണ്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രത്തിന് യൂ/എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. രണ്ടര മണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിന് ഉള്ളത്. ഈ ആഴ്ചയിൽ (സെപ്റ്റബർ 29ന്) തീയേറ്ററുകളിൽ എത്തും എന്ന് പ്രതീക്ഷിച്ച ഈ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും നായകൻ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്രം ഒക്ടോബർ ഏഴിന് തീയേറ്ററുകളിൽ എത്തും. റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടുകൊണ്ട് ഒരു പുതിയ പോസ്റ്ററും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാന്റെ വെഫാറർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് റോഷാക്ക്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. സൈക്കളോജിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് നിർമ്മാതാക്കൾ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ വളരെ ശ്രദ്ധ നേടിയിരുന്നു.