“തള്ളി മാറ്റിയില്ല, പകരം സ്വാഭാവികമായും മാന്യമായും ദുൽഖർ അത് ചെയ്തു”; കിംഗ് ഓഫ് കൊത്ത സെറ്റിലെ അനുഭവം പങ്കുവെച്ച് റിതിക സിങ്
ആദ്യ ചിത്രമായ ഇരുധി സുട്രൂവിലൂടെ തന്നെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷപ്രീതി നേടിയ നടിയാണ് റിതിക സിങ്. അതിന് ശേഷം ആണ്ടവൻ കട്ടളയ്, ഓ മൈ കടവുളേ എന്നീ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധ നേടിയ ഈ താരത്തിന്റെ അടുത്ത റിലീസ്, സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ വേട്ടയ്യൻ ആണ്. കഴിഞ്ഞ വർഷം ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയിലൂടെ റിതിക മലയാളത്തിലും അരങ്ങേറി.
ഈ ചിത്രത്തിലെ ‘കലാപക്കാരാ’ എന്ന സൂപ്പർ ഹിറ്റ് ഗാന രംഗത്തിലാണ് റിതിക പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ഇതിന്റെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് റിതിക. ദുൽഖർ സൽമാനൊപ്പം താൻ ആദ്യമായാണ് അഭിനയിക്കുന്നതെന്നും, എന്നാൽ ദുൽഖർ തനിക്ക് തന്ന ബഹുമാനം വളരെ വലുതാണെന്നും റിതിക പറയുന്നു.
ഈ ഗാനരംഗത്തിന്റെ അവസാനം, ദുൽഖർ തന്നെ തള്ളി മാറ്റി മുഖം തിരിച്ചു പോകുന്ന ഒരു ഷോട്ട് ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെന്നും, എന്നാൽ റിതികയോട് താൻ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന നിലപാടാണ് ദുൽഖർ എടുത്തത് എന്നും അവർ പറയുന്നു. അത്തരത്തിലുള്ള ആളുകളുടെ ഒപ്പം ജോലി ചെയ്യാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും റിതിക വെളിപ്പെടുത്തി.
ദുൽഖർ സൽമാന് അങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഇല്ലെങ്കിലും അദ്ദേഹം അത് ചെയ്തു എന്നതാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്നും അവർ സൂചിപ്പിച്ചു. വളരെ സ്വാഭാവികമായും മാന്യമായുമാണ് ആ ഗാനരംഗത്തിന്റെ അവസാനരംഗത്തിൽ പിന്നീട് ദുൽഖർ തന്നിൽ നിന്ന് മാറി പോകുന്നതെന്നും റിതിക പറഞ്ഞു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത കഴിഞ്ഞ വർഷം ഓണം റിലീസായാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.