ഷാരൂഖിന്റെ മകനെയും തന്റെ മകനെയും താരതമ്യം ചെയ്ത ട്രോളുകള്‍ക്ക് മാധവന്റെ മറുപടി…
താര പുത്രന്മാരെ ചൂണ്ടി കാട്ടി അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ നിറഞ്ഞിരുന്നു. മക്കളെ വളർത്തുന്നത് ഇങ്ങനെയാവണം അല്ലെങ്കിൽ ഇങ്ങനെയാവരുത് എന്നതിന് ഉദാഹരണം എന്നോണം ഒരു താരത്തെയും പുത്രനെയും പ്രശംസിക്കുകയും മറ്റൊരു തരത്തെയും മകനെയും ഇകഴ്ത്തുകയും ചെയ്ത ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. നടന്മാരായ ഷാരൂഖ് ഖാനും ആർ മാധവനും അവരുടെ പുത്രന്മാരും ആണ് ട്രോളുകളിൽ നിറഞ്ഞത്.
ഡാനിഷ് ഓപ്പൺ നീന്തൽ പരമ്പരയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ നേടിയ വേദാന്ത് മാധവൻ നടൻ മാധവന്റെ മകനാണ്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആകട്ടെ ഒരു കേസിൽപെട്ടതാണ് സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയായത്. ഇരുവരെയും താരതമ്യം ചെയ്ത് കൊണ്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മാധവനെ പ്രശംസിക്കുകയും ഷാരൂഖ് ഖാനെ കുറ്റപ്പെടുത്തിയും ആയിരുന്നു ട്രോളുകൾ. ഈ ട്രോളുകളെ കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധവൻ സംസാരിക്കുക ഉണ്ടായി. മാധവന്റെ വാക്കുകൾ ഇങ്ങനെ:
“അക്കാര്യം സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വരുമ്പോൾ അച്ഛനും മകനും അനുഭവിക്കുന്ന വേദന വളരെ വലുതാണ്. അതൊരു ന്യൂസ് കണ്ടെന്റും മീമും ഒക്കെ ആയി മാറുമ്പോൾ ആരും മനസിലാക്കുന്നില്ല അവരുടെ വേദന. അതിലേക്ക് എണ്ണയൊഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യാതനകളിലൂടെ മക്കൾ കടന്ന് പോകുന്നത് കാണാൻ ഒരു അച്ഛനും ആഗ്രഹിക്കില്ല, എല്ലാ അച്ഛന്മാരും അവരുടെ മക്കളെ ഓർത്തു അഭിമാനിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുക ആണ്. ഞാൻ ഇത് സംസാരിക്കാൻ ആഗ്രഹിക്കാത്തതിന് കാരണം എന്തെന്നാൽ ഒരു ശതമാനം ഇന്ത്യക്കാര്‍ പോലും ട്വിറ്ററിൽ ഇല്ല. അതല്ല ലോകം. അത് മനസിലാക്കുക ആണെങ്കിൽ സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന സമ്മർദ്ദങ്ങൾ ഒക്കെ കൈകാര്യം ചെയ്യാൻ എളുപ്പമാകും.”
അതേസമയം, മാധവന്റെ ഏറ്റവും പുതിയ ചിത്രമായ റോക്കട്രി റിലീസിന് തയ്യാറെടുക്കുക ആണ്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷാരൂഖുമായി വളരെ സൗഹൃദമാണ് ഉള്ളത് എന്നും അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് ചിത്രത്തിന്റെ ഭാഗമായത് എന്നും മാധവൻ പറയുന്നു. തമിഴ് സൂപ്പർതാരം സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ജൂലൈ ഒന്നിന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.