“കൽക്കി അവതരിക്കുന്നു”; ‘പ്രൊജക്റ്റ് കെ’യ്ക്ക് പേരായി, വീഡിയോ..

എന്താണ് പ്രൊജക്റ്റ് കെ എന്ന സിനിമ പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടൈറ്റിൽ സാൻ ഡീഗോ കോമിക്-കോൺ (എസ്‌ഡിസിസി) 2023-ലാണ് അവത്തരിപ്പിച്ചത്. അഭിമാനകരമായ ചടങ്ങിൽ അരങ്ങേറ്റം കുറിച്ച ആദ്യ ഇന്ത്യൻ സിനിമയായി ഇത് ചരിത്രം സൃഷ്ടിച്ചു. വലിയ പ്രതീക്ഷകൾക്കിടയിൽ, പ്രൊഡക്ഷൻ ഹൗസ്, വൈജയന്തി മൂവീസ്, ഒടുവിൽ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങളും പുറത്തിറക്കി. “കൽക്കി 2898 എഡി” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ.
ഹൈന്ദവമതത്തിൽ നിന്നുള്ള വിശ്വാസങ്ങളും നൂതന സാങ്കേതികവിദ്യയും മനോഹരമായി സമന്വയിപ്പിക്കുന്ന വിചിത്രവും ഭാവിയുക്തവുമായ ഒരു ലോകത്തിലേക്കുള്ള കാഴ്ച്ച പ്രദാനം ചെയ്യുന്ന ഗ്ലിംപ്‌സ് ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ദുഷ്ടശക്തികളെ ചെറുക്കാൻ ഉയർന്നുവരുന്ന നായകനായി ആണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. എഡി 2898-ലെ വിദൂര ഭാവിയിൽ സജ്ജീകരിച്ചിരിക്കുന്ന ചിത്രത്തിൽ കൽക്കി എന്നറിയപ്പെടുന്ന പുരാണ കഥാപാത്രമായ വിഷ്ണുവിന്റെ ആധുനിക അവതാരത്തെ വിഭാവനം ചെയ്യുന്നതാണ് ചിത്രത്തിന്റെ ആശയം. ഇന്ത്യൻ സിനിമയിൽ മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു ഇതിഹാസ മിഥോ-സയൻസ് ഫിക്ഷൻ സാഹസികതയാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി എന്നിവരുൾപ്പെടെയുള്ള സിനിമയിലെ താരനിരയാണ് SDCC പരിപാടിയിൽ പങ്കെടുത്തത്. നിർഭാഗ്യവശാൽ, ദീപിക പദുക്കോൺ അംഗമായ യുഎസിലെ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ ആർട്ടിസ്‌റ്റ് (SAG-AFTRA) നടത്തുന്ന സമരം കാരണം പങ്കെടുക്കാനായില്ല.
ഇന്ത്യയുടെ സമ്പന്നമായ പുരാണങ്ങളും സൂപ്പർഹീറോകളും “പ്രോജക്റ്റ് കെ” യിലൂടെ ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ നാഗ് അശ്വിൻ അഭിമാനം പ്രകടിപ്പിച്ചു. ഇന്ത്യൻ സിനിമയുടെ സാധ്യതകൾ രാജ്യാന്തര വേദിയിൽ പ്രദർശിപ്പിച്ചുകൊണ്ട് അതിർത്തികൾ മറികടന്ന് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ആഘോഷിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യം. 2024 ൽ ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.