പുതിയ ചിത്രം പ്രഖ്യാപിച്ച് ‘ഹൃദയം’ ടീം; ഒപ്പം വമ്പൻ താരനിര…

2022 തുടക്കത്തിൽ ബോക്സ് ഓഫീസിൽ വമ്പൻ തരംഗം സൃഷ്ടിച്ച ഹൃദയം ടീം ഒരിക്കൽ കൂടി ഒന്നിക്കുന്നു. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആണ് ഈ ചിത്രം പ്രഖ്യാപിച്ചത്. പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രണവ് മോഹൻലാലും മറ്റ് താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു. മേരി ലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ‘വർഷങ്ങൾക്ക് ശേഷം’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്.
പ്രണവ് മോഹൻലാലിന് ഒപ്പം ഹൃദയത്തിൽ നായിക വേഷത്തിൽ എത്തിയ കല്യാണി പ്രിയദർശനും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇരുവരെയും കൂടാതെ ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവൻ, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർ ആണ് മറ്റ് താരങ്ങൾ. സ്‌പെഷ്യൽ അപ്പിയറൻസ് ആയി നിവിൻ പോളിയും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ മറ്റ് അനിയർപ്രവർത്തകരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.