കാത്തിരിപ്പിന്റെ നീളം കുറയുന്നു, ‘കാളിയൻ’ വരുന്നു; പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെ…
മലയാളത്തിന്റെ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി പ്രഖ്യാപിക്കപ്പെട്ട ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ ‘കാളിയൻ’ ഏറെ നാളായി പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലാണ്. കോവിഡ് പ്രതിസന്ധിയും, അതിനു ശേഷം പൃഥ്വിരാജ് സുകുമാരന്റെ സിനിമാ ലൈനപ്പിൽ ഉണ്ടായ മാറ്റങ്ങളും കാരണം ഏറെ നാളായി ഈ പ്രൊജക്റ്റ് നീണ്ടു പോവുകയായിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അധികം വൈകാതെ തന്നെ കാളിയന്റെ ആദ്യ ഷെഡ്യൂൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് ഇപ്പോൾ സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമായ എമ്പുരാന്റെ ലൊക്കേഷനിൽ കാളിയൻ ടീം ചെന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ, സംവിധായകൻ എസ് മഹേഷ് ത്രിശൂലവും മറ്റുമായി നിലക്കുന്ന ഒരു അതിഗംഭീര സ്റ്റില്ലും ചിത്രത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തിയിട്ടുണ്ട്.
നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുക. കെ ജി എഫ് സീരീസിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ സംഗീത സംവിധായകൻ രവി ബസ്‌റൂർ സംഗീതമൊരുക്കുന്ന ഈ ചിത്രം, മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കാൻ പോകുന്നത്.
ദേശീയ അവാർഡ് ജേതാവ് ബംഗ്ലൻ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക, എമ്പുരാനും കാമറ ചലിപ്പിക്കുന്ന സുജിത് വാസുദേവ് തന്നെയാണ്. മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കാൻ പോകുന്നത്. എമ്പുരാൻ പൂർത്തിയാക്കിയതിന് ശേഷം പൃഥ്വിരാജ് കാളിയന്റെ ജോലികളിലേക്ക് കടക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിനായുള്ള കാസ്റ്റിംഗ് കാൾ, അതിന്റെ ഓഡിഷൻ എന്നിവയെല്ലാം കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കിയിരുന്നു.