കുഞ്ഞാലി മരക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ ഒരുങ്ങുന്നു!
സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരക്കാർ ചിത്രം മരക്കാർ – അറബിക്കടലിന്‍റെ സിംഹത്തിൽ പ്രണവ് മോഹൻലാലും അഭിനയിക്കുന്നു. കുഞ്ഞാലി മരക്കാറിന്‍റെ ചെറുപ്പകാലം ആണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
അണിയറപ്രവർത്തകർ തന്നെ ആണ് ആരാധകരെ ആവേശം കൊള്ളിപ്പിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്. മോഹൻലാൽ കുഞ്ഞാലി മരക്കാർ നാലാമൻ ആയി എത്തുമ്പോൾ ഈ കഥാപാത്രത്തിന്‍റെ ചെറുപ്പകാലത്തെ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. മുൻപ് ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ ചെറുപ്പകാലം പ്രണവ് മോഹൻലാൽ അവതരിപ്പിച്ചിരുന്നു.
കുഞ്ഞാലി മരക്കാർ ചിത്രത്തിൽ അച്ഛനും മകനും ഒരേ കഥാപാത്രത്തിന്‍റെ വിവിധ കാലഘട്ടം അവതരിപ്പിക്കാൻ ഒരുങ്ങുന്നത് ആരാധകർക്ക് വിരുന്നാകും എന്ന് ഉറപ്പാണ്. ഈ വർഷം തുടക്കത്തിൽ ആദി എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നൽകി കൊണ്ടാണ് പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം നടത്തിയത്. ആ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.
മധു, പ്രഭു തുടങ്ങിയ താരങ്ങളും ചിത്രത്തിന്‍റെ ഭാഗം ആണെന്ന് അണിയറപ്രവർത്തകർ മുൻപ് സ്ഥിരീകരിച്ചിരുന്നു. ഇത് കൂടാതെ ഒരു ബോളിവുഡ് താരവും ചിത്രത്തിൽ ഉണ്ടാകും എന്നാണ് സൂചന. നൂറ് കോടി ബജറ്റിൽ ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മൂൺ ഷോട്ട് എന്റർടൈൻമെന്റ്സും കോൺഫിഡന്റ് ഗ്രൂപ്പും ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പങ്കാളികൾ ആണ്.