വിദേശ, ബോളിവുഡ് താരങ്ങളുമായി മോഹൻലാലിന്റെ ‘L367’; സംവിധാനം വിഷ്ണു മോഹൻ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. ‘L367’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം രചനയും സംവിധാനവും നിർവ്വഹിക്കുന്നത് വിഷ്ണു മോഹൻ ആണ്. തന്റെ ആദ്യ ചിത്രമായ ‘മേപ്പടിയാൻ’ലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമയുടെ കോ-പ്രൊഡ്യൂസർമാർ ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
സുരേഷ് ഗോപി നായകനാവുന്ന ‘ഒറ്റക്കൊമ്പൻ’, ജയറാം – കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന ‘ആശകൾ ആയിരം’, ജയസൂര്യ നായകനായ ‘കത്തനാർ’, നിവിൻ പോളി നായകനാവുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം, എസ്.ജെ സൂര്യ ഒരുക്കുന്ന ‘കില്ലർ’ എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റ് വമ്പൻ ചിത്രങ്ങൾ. പി.ആർ.ഒ – ശബരി.


