പയ്യമ്പിള്ളി ചന്തുവിന് വേണ്ടി മമ്മൂട്ടി – ഹരിഹരൻ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്നു?
ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ക്ലാസിക് സിനിമകൾ നമുക്ക് തന്നെ ടീം ആണ് മമ്മൂട്ടി – ഹരിഹരൻ – എം ടി വാസുദേവൻ നായർ ടീം. ഒൻപത് വർഷം മുൻപ് പുറത്തു വന്ന പഴശ്ശിരാജയാണ് ഈ ടീം അവസാനം ഒന്നിച്ച ചിത്രം. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ വമ്പൻ ടീം ഒരിക്കൽ കൂടി ഒരു വലിയ ചിത്രത്തിന് വേണ്ടി ഒന്നിക്കാൻ പോവുകയാണ്. പയ്യമ്പിള്ളി ചന്തുവിന്റെ കഥ പറയുന്ന ഒരു ചിത്രത്തിന് വേണ്ടിയാണു ഈ ടീം ഒന്നിക്കാൻ പോകുന്നത് എന്നാണ് സൂചനകൾ വരുന്നത്.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പയ്യമ്പിള്ളി ചന്തു ആയാണ് മമ്മൂട്ടി എത്തുക. ഒരു വടക്കൻ വീരഗാഥ എന്ന എം ടി- ഹരിഹരൻ ചിത്രത്തിലും മമ്മൂട്ടി അവതരിപ്പിച്ചത് ചന്തു എന്ന് പേരുള്ള ഒരു കഥാപാത്രം ആണ്. അതിലെ പ്രകടനത്തിന് മമ്മൂട്ടിയെ തേടി ദേശീയ പുരസ്കാരവും എത്തിയിരുന്നു. ഈ പുതിയ ചിത്രമായ പയ്യമ്പിള്ളി ചന്തു അടുത്ത വർഷം ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിനായി തന്റെ 150 ദിവസം ആയിരിക്കും മമ്മൂട്ടി മാറ്റി വെക്കുക എന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
ലിബർട്ടി ഫിലിമ്സിന്റെ ബാനറിൽ ബഷീർ ആയിരിക്കും പയ്യമ്പിള്ളി ചന്തു നിർമ്മിക്കുന്നത് എന്നും വാർത്തകൾ ഉണ്ട്. ഔദ്യോഗികമായി ഈ പ്രൊജക്റ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വരും എന്നാണ് കരുതപ്പെടുന്നത്.
മാമാങ്കം, കുഞ്ഞാലി മരക്കാർ തുടങ്ങി വേറെ രണ്ടു പീരീഡ് ചിത്രങ്ങളും മമ്മൂട്ടി ചെയ്യുന്നുണ്ട്. ഇതിൽ മാമാങ്കം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. മാമാങ്കം ഒരുക്കുന്നത് നവാഗതനായ സജീവ് പിള്ളയും കുഞ്ഞാലി മരക്കാർ ഒരുക്കാൻ പോകുന്നത് സന്തോഷ് ശിവനും ആയിരിക്കും.