കിങ് ഖാന്റെ തിരിച്ചു വരവിന് തീയതി കുറിച്ചു; ‘പത്താൻ’ വരുന്നു…
ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ ഒരു ചിത്രം ബിഗ് സ്ക്രീനിൽ എത്തിയിട്ട് നാല് വർഷങ്ങൾ കഴിഞ്ഞു. 2018ൽ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം ആരാധകരുടെ നീണ്ട കാത്തിരിപ്പുകൾ അവസാനിക്കുക പോകുക ആണ്. സൂപ്പർതാരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുക ആണ്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘പത്താൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാനവേഷങ്ങളിൽ എത്തുന്ന ഈ ചിത്രം 2023 ജനുവരി 25ന് തീയേറ്ററുകളിൽ എത്തും. നിർമ്മാതാക്കൾ ആയ യാഷ് രാജ് ഫിലിംസ് ചിത്രത്തിന്റെ ഒരു ടീസറും പുറത്തുവിട്ടിട്ടുണ്ട്. ടീസർ കാണാം:
പുതിയ ചിത്രമായ പത്താനെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രഖ്യാപനം കൂടിയാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ഈ ആക്ഷൻ ചിത്രം നിരവധി മാസങ്ങളായി നിർമ്മാണത്തിലാണെങ്കിലും പ്രൊഡക്ഷൻ ഹൗസ് യാഷ് രാജ് ഫിലിംസോ ഷാരൂഖ് ഖാനോ ഔദ്യോഗികമായി ചിത്രം സ്ഥിരീകരിച്ചിരുന്നില്ല.
ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ഷാരൂഖിന് ഒപ്പം അദ്ദേഹത്തിന്റെ രണ്ട് സഹതാരങ്ങളായ ദീപികയും ജോണും കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസറിലെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് സിനിമ ദേശസ്‌നേഹ സ്വഭാവമുള്ളതായിരിക്കുമെന്നും പത്താൻ ഒരു രാജ്യസ്‌നേഹിയാണെന്നും. നീളൻ മുടിയുള്ള ലുക്കിൽ ആണ് ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിൽ സൂപ്പർതാരം സൽമാൻ ഖാൻ അതിഥി താരമായി എത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
പത്താന് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ഷാരൂഖ് അഭിനയിക്കാൻ പോകുന്നത്. ശേഷം രാജ്കുമാർ ഹിരാണിയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും ഷാരൂഖ് ഖാന്റെ ലൈൻഅപ്പിൽ ഉണ്ട്.