കറി ആൻഡ് സയനൈഡിന് ശേഷം ഞെട്ടിക്കാൻ വീണ്ടും ക്രിസ്റ്റോ ടോമി; ഉള്ളൊഴുക്കുമായി ഉർവശി – പാർവതി ടീം…

കൂടത്തായി കൊലപാതക പരമ്പരയുടെ കഥ പറഞ്ഞ കറി ആൻഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ക്രിസ്റ്റോ ടോമി. സൂപ്പർ ഹിറ്റായ ആ ഡോക്യുമെന്ററിയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്ക് റിലീസിനൊരുങ്ങുകയാണ്. ജൂൺ 21 നാണ് ഈ ചിത്രം ആഗോള തലത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
പ്രശസ്ത നടിമാരായ ഉർവശിയും പാർവതിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു ത്രില്ലർ ആണെന്ന സൂചനയാണ് ഇതിന്റെ പോസ്റ്റർ നൽകുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തത് കിരൺ ദാസ് എന്നിവരാണ്. ആർ എസ് വി പി, മാക്ഗഫിൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോണി സ്ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബേ എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായും എത്തുന്നു. സംവിധായകൻ ക്രിസ്റ്റോ ടോമി തന്നെയാണ് ഉള്ളൊഴുക്കിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. “രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും” എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ.
മമ്മൂട്ടി നായകനായി 2022ല്‍ പുറത്തിറങ്ങിയ പുഴുവാണ് പാർവതി അവസാനം മലയാളത്തിൽ ചെയ്ത ചിത്രം. അതിന് ശേഷം ഹിന്ദി ചിത്രമായ കടക് സിങ്, തമിഴിൽ വിക്രം നായകനായ തങ്കളാൻ എന്നിവയാണ് പാർവതി ചെയ്ത ചിത്രങ്ങൾ. കഴിഞ്ഞ വർഷം പ്രിയദർശൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ അപ്പത്തയിലൂടെ 700 സിനിമകൾ പൂർത്തിയാക്കിയ ഉർവശിയുടെ അവസാനം റിലീസ് ചെയ്ത ചിത്രങ്ങൾ മലയാള ചിത്രമായ അയ്യർ ഇൻ അറേബിയ, തമിഴ് ചിത്രമായ ജെ ബേബി എന്നിവയാണ്.