in

‘ഓളവും തീരവും’ ചിത്രീകരണം പൂര്‍ത്തിയായി; റിലീസ് ബ്ലാക്ക് ആൻഡ് വൈറ്റിൽ…

‘ഓളവും തീരവും’ ചിത്രത്തിന് പാക്കപ്പ്; റിലീസ് ബ്ലാക്ക് ആൻഡ് വൈറ്റിൽ…

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആദ്യമായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആദ്യമായിരുന്നു ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന 10 ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് ‘ഓളവും തീരവും’. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ പത്ത് ചെറുസിനിമകൾ ഒരുങ്ങുന്നത്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് ചില വിവരങ്ങളും പുറത്തുവന്നിരിക്കുക ആണ്.

50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമായി ആണ് ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുക. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരിക്കും ചിത്രം അവതരിപ്പിക്കുക. ബാപ്പൂട്ടി എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് ദുർഗാകൃഷ്ണയാണ്. വില്ലൻ വേഷമായ കുഞ്ഞാലിയായി ഹരീഷ് പേരടി എത്തും. മാമുക്കോയ, സുരഭി ലക്ഷ്മി, വിനോദ് കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ്‌ കുളൂർ തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ.

1970ല്‍ പുറത്തിറങ്ങിയ ‘ഓളവും തീരവും’ സംവിധാനം ചെയ്തത് പി എൻ മേനോൻ ആയിരുന്നു. മധുവും ഉഷാനന്ദിനിയും പ്രധാനവേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് ജോസ് പ്രകാശ് ആയിരുന്നു. സന്തോഷ് ശിവൻ ആണ് പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സാബു സിറിൽ ആണ് കലാ സംവിധാനം. ന്യൂസ് വാല്യു പ്രൊഡക്ഷൻസ് ലിമിറ്റഡും ആർ.പി.എസ്.ജി. സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. എം.ടി.യുടെ മകൾ അശ്വതി വി. നായർ ക്രിയേറ്റീവ് പ്രൊഡ്യൂസറാണ്. ശ്രീകാന്ത് മുരളിയാണ് അസോസിയേറ്റ് ഡയറക്ടർ. പ്രിയദർശൻ ചിത്രത്തിന് പാക്കപ്പ് പറയുന്നതിന്റെ വീഡിയോ അദ്ധേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ഈ സിനിമയുടെ ലൊക്കേഷനിൽ എംടിയുടെ പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മോഹൻലാൽ അതിസാഹസികമായി ചങ്ങാടത്തിൽ തുഴയുന്ന സീൻ ചിത്രീകരിക്കുന്ന വീഡിയോ പുറത്തുവരികയും സോഷ്യൽ മീഡിയ ഒട്ടാകെ ട്രെൻഡ് ആവുകയും ചെയ്തിരുന്നു.

കളർഫുൾ വൈബിൽ ഒരു ഒന്നൊന്നര എന്റർടൈനർ പ്രതീക്ഷിക്കാം; ‘തല്ലുമാല’ ട്രെയിലർ ട്രെൻഡിംഗ്…

‘വിക്രാന്ത് റോണ’യെ കേരളത്തിൽ ദുൽഖർ സൽമാൻ എത്തിക്കും..!