‘കൽക്കി 2898 എഡി’യ്ക്ക് കേരള ബോക്സ് ഓഫീസിൽ ചരിത്ര നേട്ടം; ആർ.ആർ.ആർ വീണു, മുന്നിൽ ബാഹുബലി 2 മാത്രം…
മൂന്നാം വാരത്തിൽ കേരളത്തിൽ ഇരുനൂറോളം തിയറ്ററുകളിലാണ് മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ‘ബാഹുബലി 2: ദ കൺക്ലൂഷ’ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
കേരള ബോക്സ് ഓഫീസിൽ 10 കോടി ഷെയർ കടന്ന ആദ്യ തെലുങ്ക് ചിത്രം ‘ബാഹുബലി 2’ ആണ്. ഇപ്പോൾ രണ്ടാമതായി ‘കൽക്കി 2898 എഡി’യും 10 കോടി ഷെയർ മറികടന്നിരിക്കുകയാണ്. കൂടാതെ, കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് മാത്രമായ് 2 കോടിക്ക് മുകളിൽ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്.
‘ബാഹുബലി 2: ദ കൺക്ലൂഷൻ’ 72.5 കോടി, ‘കൽക്കി 2898 എഡി’ 26.5 കോടി, ‘ആർ.ആർ.ആർ’ 25.50 കോടി, ‘സലാർ’ 16.75 കോടി, ‘പുഷ്പ ദി റൈസ്’ 14.70 കോടി എന്നീ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ മികച്ച രീതിയിൽ ഗ്രോസ് കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വെറും 15 ദിവസങ്ങൾ കൊണ്ടാണ് ‘കൽക്കി 2898 എഡി’ കടന്നുവന്ന് രണ്ടാം സ്ഥാനം ഊട്ടിയുറപ്പിച്ചത്.
ഇന്ത്യൻ മിത്തോളജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ ആണ് പ്രഭാസിന് ഒപ്പം ഈ ചിത്രത്തിൽ അണിനിരന്നത്. പിആർഒ: ശബരി.