“നിങ്ങൾ അവരെ നെഞ്ചത്തല്ലേ വെടിവെച്ചത്, വർഗീസ്?”; ത്രില്ലടിപ്പിച്ച് ടൊവിനോയുടെ ‘നരിവേട്ട’ ട്രെയിലർ പുറത്ത്…

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. യുവതാരങ്ങളിൽ ശ്രദ്ധേയനായ ദുൽഖർ സൽമാനാണ് ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. സിനിമയുടെ ഇതിവൃത്തത്തെക്കുറിച്ച് സൂചനകളൊന്നും നൽകാതെ, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ നൽകുന്ന സൂചനകൾ അനുസരിച്ച്, ചിത്രം ഏറെ ത്രില്ലിംഗ് നിറഞ്ഞ ഒരു രാഷ്ട്രീയ കഥയായിരിക്കാം. ചില യഥാർത്ഥ സംഭവങ്ങളിൽ നിന്നും പോലീസ് കേസുകളിൽ നിന്നുമുള്ള സാമ്യതകളും സിനിമയ്ക്കുണ്ടെന്ന് കരുതപ്പെടുന്നു. സംവിധായകൻ അനുരാജ് മനോഹറിൻ്റെ മുൻ സിനിമകളിൽ നിന്ന് ‘നരിവേട്ട’ തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കുമെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.
ട്രെയിലറിലെ ഓരോ ഫ്രെയിമും താരങ്ങളുടെ മികച്ച പ്രകടനവും മനോഹരമായ ഛായാഗ്രഹണവും കൃത്യതയാർന്ന എഡിറ്റിംഗും പശ്ചാത്തല സംഗീതവും എടുത്തു കാണിക്കുന്നുണ്ട്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളിലൂടെ സിനിമയുടെ കഥ മുന്നോട്ട് പോകുമെന്ന സൂചനയും ട്രെയിലർ നൽകുന്നു. ചിത്രത്തിൽ ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പോലീസ് കോൺസ്റ്റബിളിന്റെ വേഷം അവതരിപ്പിക്കുമ്പോൾ, സുരാജ് വെഞ്ഞാറമൂട് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദായും, തമിഴ് നടനും സംവിധായകനുമായ ചേരൻ ഡി.ഐ.ജി. രഘുറാം കേശവായും എത്തുന്നു. പോലീസ് പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരുങ്ങുന്ന ഈ സിനിമയിൽ ഈ കഥാപാത്രങ്ങൾക്ക് ഒരു വലിയ ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു. ‘നരിവേട്ട’ മേയ് 16ന് തിയേറ്ററുകളിൽ എത്തും.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സനും ടിപ്പു ഷാനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അബിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവിനോ തോമസിനോടൊപ്പം തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ചേരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ചേരൻ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ‘നരിവേട്ട’. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘മിന്നൽവള..’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ എത്തുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ പോസ്റ്ററിലെ പരുക്കൻ ലുക്കിലുള്ള ടൊവിനോയുടെ കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായി, വളരെ റൊമാൻ്റിക് ആയ രംഗങ്ങളിലാണ് ഈ ഗാനത്തിൽ അദ്ദേഹത്തെ കാണാൻ സാധിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നാടൻ കാഴ്ചകളും പ്രണയവും നിറയുന്ന ഈ ഗാനം ഇതിനോടകം 40 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഗാനം റൊമാൻ്റിക് പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ളതാണെങ്കിലും, സിനിമയുടെ പേരും പോസ്റ്ററുകളും സൂചിപ്പിക്കുന്നത് ഇതൊരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ ആയിരിക്കുമെന്നാണ്.
കൈതപ്രം ആണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ജേക്സ് ബിജോയ് ആണ് ‘നരിവേട്ട’യുടെ സംഗീത സംവിധായകൻ. അനുരാജ് മനോഹറിൻ്റെ മുൻ ചിത്രമായ ‘ഇഷ്കി’ലെ ‘പറയുവാൻ…’ എന്ന ഗാനം ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഗാനമായിരുന്നു. സിദ്ധ് ശ്രീറാമും സിത്താര കൃഷ്ണകുമാറുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ ടൊവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ് അഭിനയിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.