ഫസ്റ്റ് ലുക്ക് പോലെ ആഘോഷമായി മോഹൻലാലിന്റെ കൺസപ്റ്റ് സ്കെച്ച്…

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബാനിന്റെ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ ഏത് ലുക്കിൽ അവതരിപ്പിക്കും എന്ന് അറിയാൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ ആണ് കാത്തിരിക്കുന്നത്. പ്രശസ്ത കൺസപ്റ്റ്സ് ആർട്ടിസ്റ്റ് ആയ സേതു ശിവാനന്ദൻ ആണ് ചിത്രത്തിനായി മോഹൻലാലിന്റെ ക്യാരക്ടർ കൺസപ്റ്റ്സ് തയ്യാറാക്കുന്നത്. ഇപ്പോൾ സേതു താടിയില്ലാത്ത മോഹൻലാലിന്റെ ഒരു കൺസപ്റ്റ് സ്കെച്ച് പുറത്തുവിട്ടിരിക്കുകയാണ്.
മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കുന്ന ആരാധകർ ഈ കൺസപ്റ്റ് സ്കെച്ച് ആഘോഷമാക്കുകയാണ്. ചിത്രത്തിൽ ഈ ലുക്കിൽ ആണോ മോഹൻലാൽ എത്തുന്നത് എന്നത് വ്യക്തമല്ല എങ്കിലും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് കൊമ്പൻ മീശയുമായി മോഹൻലാൽ പ്രത്യക്ഷപ്പെട്ട ഈ ക്യാരക്ടർ സ്കെച്ച്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാലിബൻ ലൊക്കേഷനിൽ നിന്നുള്ള വീഡിയോകളിൽ മോഹൻലാലിന്റെ താടി ഒറിജിനൽ അല്ല എന്നും താടി ഇല്ലാത്ത ഒരു മേക്കോവറിൽ ആകും താരം എത്തുക എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നിരുന്നാലും യഥാർത്ഥ ലുക്ക് ഏതെന്ന് അറിയാൻ ഫസ്റ്റ് ലുക്ക് വരും വരെ കാത്തിരുന്നേ മതിയാവൂ.