മോഹൻലാൽ – സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം; താര നിരയിലേക്ക് വീണ്ടും പ്രശസ്ത താരങ്ങള്‍!
ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ വീണ്ടും തമിഴിൽ അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഇപ്പോൾ ലണ്ടനിൽ തുടങ്ങി കഴിഞ്ഞു. തമിഴകത്തിന്‍റെ മിന്നും താരം സൂര്യയുമുണ്ട് മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ. മോഹൻലാൽ – സൂര്യ ടീം ഒന്നിക്കുന്ന ഈ ബിഗ് ബജറ്റ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് ആണ്. സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടി ആണിത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വലിയ താര നിര ആണ് അണിനിരക്കുന്നത് എന്ന വാർത്ത പുറത്തുവന്നിരുന്നു. തെലുങ്കിൽ നിന്ന് അല്ലു സിരിഷും ബോളിവുഡിൽ നിന്ന് ബൊമൻ ഇറാനിയും അഭിനയിക്കുന്ന ഈ ചിത്രത്തിൽ സമുദ്രക്കനിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സായ്‌യേഷ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്‍റെ താര നിര ഇപ്പോൾ വീണ്ടും വലുതായി കഴിഞ്ഞു.
പ്രശസ്ത തമിഴ് യുവ താരം ആര്യയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് ഒഫീഷ്യൽ ആയി റിപ്പോർട്ട് വന്നു കഴിഞ്ഞു. അഭിനന്ദം രാമാനുജൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹാരിസ് ജയരാജ് ആണ്. പീറ്റർ ഹെയ്‌ൻ ഈ ചിത്രത്തിലെ ആക്ഷൻ ഡയറക്ടർ ആയി എത്താനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മോഹൻലാൽ ഈ ചിത്രത്തിൽ സാൾട് ആൻഡ് പേപ്പർ ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന മോഹൻലാലും സൂര്യയുമൊത്തുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ ചിത്രം മോഹൻലാലിന്‍റെ മുന്നൂറ്റി മുപ്പത്തിയേഴാമത്തെ ചിത്രവും സൂര്യയുടെ മുപ്പത്തിയേഴാമത്തെ ചിത്രവുമാണ്. അയൻ, കോ , മാട്രാൻ, അനേകൻ, കാവൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കെ വി ആനന്ദ്, മോഹൻലാൽ- പ്രിയദർശൻ ടീമിന്‍റെ തേന്മാവിൻ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്‍റെ ക്യാമറാമാനും ആയിരുന്നു.