“തികച്ചും അവിസ്മരണീയമായ നിമിഷം”; മോഹൻലാൽ – അക്ഷയ് ഡാൻസ് സൂപ്പർ ഹിറ്റ്…

ആരാധകരിൽ വൻ ആവേശം തീർക്കുന്ന ഒരു വിഡീയോ ആണിപ്പോൾ ഓൺലൈനിൽ തരംഗമാകുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ രണ്ട് സൂപ്പർ താരങ്ങളായ മോഹൻലാലും അക്ഷയ് കുമാറും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്. വീഡിയോ പുറത്ത് വിട്ടത് അക്ഷയ് കുമാർ തന്നെയാണ്. മോഹൻലാലിനൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചതിലുള്ള സന്തോഷവും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ അക്ഷയ് ഇൻസ്റ്റഗ്രാമിൽ സൂചിപ്പിച്ചു.
“മോഹൻലാൽ സർ താങ്കളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എക്കാലവും ഓർക്കും. ഇത് തികച്ചും അവിസ്മരണീയമായ നിമിഷമായിരുന്നു.”, ഇതാണ് അക്ഷയ് കുറിച്ചത്. മോഹൻലാലിന്റെയും അക്ഷയുടെയും ഡാൻസ് വീഡിയോ ഡിസ്നി ഹെഡ് കെ മാധവന്റെ മകന്റെ വിവാഹത്തിൽ ഇരുവരും പങ്കെടുത്തപ്പോൾ പകർത്തിയത് ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കൂടാതെ, മോഹൻലാൽ അടുത്തിടെ ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിനൊപ്പമുള്ള ചിത്രവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് വരാനിരിക്കുന്ന ചിത്രങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ പോകുന്നതിന്റെ സൂചനകൾ നൽകുന്നു എന്ന ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
മലൈക്കോട്ട വാലിബൻ, ജയിലർ എന്നീ ചിത്രങ്ങളുടെ തിരക്കിലായ മോഹൻലാലിന്റെ ഏറ്റവും പുതിയ റിലീസ് സ്ഫടികം 4കെ ആണ്. 95ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ‘സ്ഫടികം’ 4k ഫോർമാറ്റിൽ റീമാസ്റ്റർ ചെയ്ത് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിച്ചത്. പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം നേടി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ചിത്രം.
മറുവശത്ത്, അക്ഷയ് വരാനിരിക്കുന്ന ചിത്രമായ ‘സെൽഫി’യുടെ പ്രൊമോഷനുമായി തിരക്കിലാണ്. ഫെബ്രുവരി 24 ന് റിലീസിന് തയ്യാറാകുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസ് എന്ന മലയാള ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ റീമേക്ക് ആണ്.
