മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രം ‘ആർഡിഎക്‌സു’മായി മിന്നൽ മുരളി നിർമ്മാതാക്കൾ…

നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ആയി എത്തി വമ്പൻ വിജയമായി മാറിയ ബേസിൽ ജോസഫ് – ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് പുതിയ ചിത്രവുമായി എത്തുകയാണ്. ഒരു മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്നത്. നിയാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ‘ആർഡിഎക്‌സ്’ എന്നാണ്.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ‘റോബർട്ട് ഡോണി സേവ്യർ’ എന്നതിന്റെ ചുരുക്കപേര് ആണ് ‘ആർഡിഎക്‌സ്’ എന്ന ടൈറ്റിൽ. ‘ലേറ്റ് ദ് ഫൈറ്റ് ബിഗിൻ’ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ആക്ഷൻ ചിത്രം എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ബാംഗ്ലൂർ ഡെയ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ആണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് സിനിമാ നിർമ്മാണത്തിലേക്ക് കടക്കുന്നത്. ശേഷം ഡോക്ടർ ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേരം’, മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ബിജു മേനോന്റെ ‘പടയോട്ടം’, ടോവിനോ തോമസിന്റെ ‘മിന്നൽ മുരളി’ എന്നിവയും നിർമ്മിച്ചു. ഇതിൽ ‘ബാംഗ്ലൂർ ഡെയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾ അൻപത് കോടി ചിത്രങ്ങളും ‘മിന്നൽ മുരളി’ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് ചിത്രവുമാണ്.