പാൻ ഇന്ത്യൻ ഹൊറർ ത്രില്ലറുമായി മമ്മൂട്ടി; ‘ഭ്രമയുഗം’ ആരംഭിച്ചു…

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവന്റെ പുതിയ ചിത്രത്തിൽ നായകനാവുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ‘ഭ്രമയുഗം’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രവും ഒരു ഹൊറർ ത്രില്ലർ ആണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ഹൊറർ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്ന ബാനറിന്റെ ആദ്യ ചിത്രമാണ് ഇത്.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ ചിത്രം എത്തും. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാല്‍ഡ ലിസ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ചിത്രം പറയുക എന്നും ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള (ഹൊറർ ജോണർ) ആരാധകർക്കും ചിത്രം ഒരു വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധയാകൻ പറയുന്നു.
#Bramayugam – My next, shoot commences today !
Written & Directed by #RahulSadasivan
Produced by @chakdyn @sash041075
Banner @allnightshifts @StudiosYNot pic.twitter.com/Qf9gRVwKzY— Mammootty (@mammukka) August 17, 2023
തങ്ങളുടെ ആദ്യ നിർമാണത്തിൽ ഇതിഹാസതാരം മമ്മൂട്ടി വരുന്നതിൽ തങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ടെന്ന് നിർമാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും പറയുന്നു. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷൻസ് ആകുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാൽ ആണ്. പ്രൊഡക്‌ഷൻ ഡിസൈനർ – ജ്യോതിഷ് ശങ്കർ, എഡിറ്റർ – ഷഫീക്ക് മുഹമ്മദ് അലി, സംഗീതം – ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ – ടി.ഡി. രാമകൃഷ്ണൻ, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – മെൽവി ജെ. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിൽ എത്തും.